ഇടുക്കി: ഇടുക്കി അണക്കരയിൽ യുവാവിൻ്റെ കൈപ്പത്തി വെട്ടിയ കേസിലെ പ്രതി ജോമോളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മാലിന്യം തള്ളിയതിനെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് ജോമോൾ അയൽവാസിയായ മനുവിൻ്റെ കൈപ്പത്തി വെട്ടിമാറ്റിയത്.
പ്രതി ജോമോളെ 11 മണിയോടെ അണക്കര ഏഴാംമൈലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ ആക്രമണ ഭീഷണി നിലനിന്നതിനാൽ പൊലീസ്, തന്ത്രപരമായാണ് ജോമോളെ തെളിവെടുപ്പിന് എത്തിച്ചത്. ഒരു സംഘം പൊലീസുകാർ വീടിന് പരിസരത്ത് തമ്പടിച്ചിരുന്നു. ഈ സമയം മറ്റൊരു വാഹനത്തിൽ പൊലീസ് പ്രതിയെ വീടിൻ്റെ പിൻ ഭാഗത്ത് എത്തിക്കുകയായിരുന്നു. വെട്ടാൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു.
Also Read: ചോദ്യം ചെയ്യലിന് കവരത്തി പൊലീസിന് മുമ്പാകെ ഹാജരായി ഐഷ സുൽത്താന
കഴിഞ്ഞ ദിവസം രാത്രി നെടുങ്കണ്ടം തൂക്കുപാലത്ത് വച്ചാണ് ജോമോളെ പൊലീസ് അറസ്റ്റ് ചെയ്തത്. പാമ്പാടുംപാറയിലെ ബന്ധു വീട്ടിലായിരുന്നു ഇവർ ഒളിവിൽ കഴിഞ്ഞിരുന്നത്. വ്യാഴാഴ്‌ച വൈകിട്ടാണ് വീടിന് സമീപം മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അയൽവാസിയായ മനുവിനെ ജോമോൾ വെട്ടിയത്.
ഇരുകുടുംബങ്ങളും തമ്മിൽ മുൻപും തർക്കങ്ങൾ ഉണ്ടായിരുന്നു. കൈപ്പത്തി തുന്നിച്ചേർക്കൽ ശസ്‌ത്രക്രിയക്ക് ശേഷം മനു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.