ഇടുക്കി: കൊവിഡ് പ്രതിരോധം കണക്കിലെടുത്ത് ഈ മാസം 12 മുതല്‍ ഏഴ് ദിവസത്തേക്ക് ആനച്ചാല്‍ ടൗണിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടച്ചിടും. വ്യാപാര സംഘടനകളുടേതാണ് തീരുമാനം. പെട്രോള്‍ പമ്പും മെഡിക്കല്‍ സ്റ്റോറുകളും ഒഴിവാക്കും. കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. ആനച്ചാലിൽ കൊവിഡ് കേസുകള്‍ കൂടുതൽ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ആളുകള്‍ കൂടുതലായി ആനച്ചാല്‍ ടൗണിലേക്ക് എത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. ആളുകള്‍ ടൗണിലേക്കെത്തുന്നത് നിയന്ത്രിച്ചാല്‍ സമ്പര്‍ക്കവും രോഗവ്യാപനവും കുറക്കാനാകുമെന്നാണ് പ്രതീക്ഷ.
അവശ്യ സാധനങ്ങള്‍ ആവശ്യപ്പെടുന്നവര്‍ക്ക് സ്ഥാപന ഉടമയുടെ ഉത്തരവാദിത്വത്തില്‍ ഹോം ഡെലിവറി നടത്താവുന്നതാണ്. തീരുമാനത്തിന് എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ബഹുജന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെയും ഓട്ടോ ടാക്‌സി ട്രേഡ് യൂണിയനുകളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും വ്യാപാര സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.