ഇടുക്കി: കേരളോത്സവത്തിലെ കായിക മത്സരത്തിൽ ഗുരുതരമായ സംഘാടന പിഴവ് നടന്നെന്ന് ആരോപണം. കബഡി മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ യുവതിക്ക് പ്രാഥമിക ചികിത്സ നല്‍കാന്‍ പോലും സംഘാടകര്‍ തയ്യാറായില്ലെന്നാണ് പരാതി. ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ സംഘാടന പിഴവ് ചൂണ്ടിക്കാട്ടി കായിക മന്ത്രി ഇ.പി. ജയരാജന് പരാതി നൽകി. ഈ മാസം ഏഴാം തിയതി തൊടുപുഴയിൽ വച്ച് നടന്ന കബഡി മത്സരത്തിലാണ് എതിർ ടീമിൻ്റെ ചവിട്ടേറ്റ് കുമളി സ്വദേശിനി ഷെമീറയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇടതുകാലിൻ്റെ അസ്ഥി പൊട്ടുകയും, വലതു കാൽമുട്ടിന് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ പരിക്കേറ്റ ഷെമീറയ്ക്ക് പ്രാഥമിക ചികിത്സ നൽകുവാനോ ആശുപത്രിയിലെത്തിക്കാനോ സംഘാടകർ തയ്യാറായില്ലെന്നാണ് ആരോപണം. തുടർന്ന് ടീം അംഗങ്ങളാണ് ഷെമീറയെ ആശുപത്രിയിലെത്തിച്ചത്.
സംഭവം അറിഞ്ഞ കേരളോത്സവത്തിൻ്റെ നടത്തിപ്പ് ചുമതലയുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചികിത്സ സഹായങ്ങൾ വാഗ്ദാനം ചെയ്തെങ്കിലും സഹായങ്ങൾ ലഭിച്ചില്ലെന്ന് ഷെമീറയുടെ കുടുംബം ആരോപിക്കുന്നു. പത്ത് ദിവസം വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ ശേഷം കോട്ടയം മെഡിക്കൽ കോളജിൽ വച്ചാണ് ഷെമീറയുടെ ഇടതുകാലില്‍ ഓപ്പറേഷൻ നടത്തിയത്. എന്നാൽ സംഘാടന പിഴവല്ല, മറിച്ച് നിർദേശിച്ച ആശുപത്രിയിൽ രോഗിയെ എത്തിക്കാത്തതാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെന്നാണ് സംഘാടകരുടെ നിലപാട്.