ഇടുക്കി: പ്രകൃതിയൊരുക്കിയ വിസ്മയ കാഴ്ചയാണ് ആമകല്ല്. മലമുകളില്‍ ആമയോട് സാദൃശ്യം തോന്നുന്നുന്ന വലിയ പാറകൂട്ടം. വിശാലമായ പുല്‍മേട്, തമിഴ്‌നാടിന്‍റെയും രാമക്കല്‍മേടിന്‍റെയും കാഴ്ചകള്‍, ട്രക്കിംഗിനും ജീപ്പ് സഫാരിയ്ക്കും പ്രശ്‌സതം. ആമകല്ലില്‍ എത്തുന്ന സഞ്ചാരികള്‍ക്കായി കൂടുതല്‍ കാഴ്ചകള്‍ക്ക് അവസരമൊരുക്കുകയാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസില്‍.
സമുദ്ര നിരപ്പില്‍ നിന്നും 3500 അടിയോളം ഉയരത്തില്‍ സ്ഥാപിക്കുന്ന വാച്ച് ടവറില്‍ നിന്ന് സഹ്യപര്‍വ്വത നിരയുടെ വിശാല കാഴ്ച ലഭ്യമാകും. തെളിഞ്ഞ ആകാശമുള്ള ദിവസങ്ങളില്‍ ആലപ്പുഴ ജില്ലയുടെയും മധുര, തേനി ജില്ലകളുടെയും വരെ കാഴ്ചകള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. വിദൂര കാഴ്ചകള്‍ ലഭ്യമാകുന്നതിനായി ബൈനോക്കുലറും സ്ഥാപിക്കും. 12 മീറ്റര്‍ ഉയരത്തില്‍ സ്ഥാപിയ്ക്കുന്ന വാച്ച് ടവറിന്‍റെ നിര്‍മാണ ചുമതല സ്‌റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ്. സഞ്ചാരികള്‍ അപകടത്തില്‍ പെടാതിരിയ്ക്കുന്നതിനായി ആമകല്ലില്‍ സ്‌റ്റീല്‍ സുരക്ഷാ വേലികള്‍ സ്ഥാപിച്ചു കഴിഞ്ഞു.
ഇരിപ്പിടങ്ങള്‍, പാതയുടെ മോടിപിടിപ്പിക്കല്‍ തുടങ്ങിയവയും അടുത്ത ഘട്ടമായി നടത്തും. വിവിധ നിര്‍മാണങ്ങള്‍ പൂര്‍ത്തീകരിയ്ക്കുന്നതോടെ ഓഫ് റോഡ് സവാരിയ്ക്കായി ആമകല്ലില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ അവിസ്മരണീയ കാഴ്ചകള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.