ഇടുക്കി: ഓരോ മനുഷ്യന്‍റെയും ജീവിതത്തില്‍ കൊവിഡ് വരുത്തിയ നഷ്‌ടങ്ങൾക്ക് കണക്കില്ല. പക്ഷേ കൊവിഡ് വരുത്തിയ നഷ്‌ടങ്ങളില്‍ തോല്‍ക്കാൻ മനസില്ലാത്തവരുടെ കൂട്ടത്തില്‍ ഇടുക്കി ശാന്തൻപാറ സ്വദേശിനി ആമിനയുമുണ്ടാകും. കൊവിഡിനെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെയാണ് ട്രാവൽ ഏജൻസി നടത്തി വന്ന ആമിനയുടെ ഭർത്താവിന്‍റെ ബിസിനസ് നഷ്‌ടത്തിലായത്.
ആ സമയത്ത് പിതാവ് പീർ മുഹമ്മദ് വാങ്ങി നൽകിയ രണ്ട് ആട്ടിൻ കുഞ്ഞുങ്ങളെ പരിപാലിച്ചുകൊണ്ടാണ് ആമിന തന്‍റെ 'ആടുജീവിതം' ആരംഭിക്കുന്നത്. ചെറുപ്പം മുതലേ ആടുകളെ വളർത്തി ശീലമുള്ള ആമിന ശാസ്ത്രീയമായി ആടുകളെ വളർത്താൻ തീരുമാനിച്ചു. ഭർത്താവ് മുഹമ്മദ് യൂസഫും മകൻ അബുവും പൂർണ പിന്തുണയുമായി ഒപ്പം നിന്നതോടെ പുതിയ സംരഭത്തിന് കൂടുതൽ പ്രചോദനമായി.
കുടുംബശ്രീയുടെയും ശാന്തൻപാറ ഗ്രാമപഞ്ചായത്തിന്‍റെയും സഹായത്തോടെ ഇരുപത് ആടുകളുമായി ഒരു ചെറിയ ഫാമിന് ആമിന തുടക്കം കുറിച്ചു. ഹൈറേഞ്ചിന്‍റെ കാലാവസ്ഥക്ക് അനുയോജ്യമായ തലശ്ശേരി അഥവാ മലബാറി എന്ന് അറിയപ്പെടുന്ന ആടുകളെയാണ് ആമിന തെരഞ്ഞെടുത്തത്. പാട്ടത്തിന് ഭൂമിയേറ്റെടുത്ത് തായ്‌ലാൻഡ് സൂപ്പർ നേപ്പിയർ എന്ന പുൽ കൃഷിയും ആരംഭിച്ചു.
ബാങ്ക് ലോൺ ലഭിച്ചതോടെ ഹൈടെക്ക് ഫാം നിർമിച്ചു. രണ്ട് വർഷം മുൻപ് തുടങ്ങിയ ഫാമില്‍ ഇന്ന് നൂറിലധികം ആടുകൾ ഉണ്ട്. നൂറോളം കുഞ്ഞുങ്ങളെ ഇതിനകം വിൽപ്പനയും നടത്തി. ഒരു പ്രസവത്തില്‍ രണ്ട് മുതൽ നാല് കുഞ്ഞുങ്ങളെ വരെ ലഭിക്കും.
പുല്ല്, കടലപ്പിണ്ണാക്ക്, തേങ്ങ പിണ്ണാക്ക്, മിനറൽസ് തുടങ്ങിയവയാണ് ആടുകൾക്ക് ഭക്ഷണമായി നൽകുന്നത്. ആട്ടിൻകാഷ്‌ടം വിൽപ്പനയിലൂടെയും മികച്ച വരുമാനമുണ്ട്. ജില്ല മിഷൻ മോഡൽ ഫാം ആയും ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ മികച്ച സംരഭകയായും ആമിനയുടെ 'മൂന്നാർ ഗോട്ട് ഫാം' വളർന്നു. ഒരു വർഷം മൂന്ന് ലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ ആടുവളർത്തലിലൂടെ ലാഭം കണ്ടെത്താൻ സാധിക്കുമെന്നാണ് ആമിന പറയുന്നത്.
സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെയാണ് വിപണി കണ്ടെത്തുന്നത്. ഫാം വിപുലീകരിക്കാനും തമിഴ്‌നാട്ടിലേക്ക് വിൽപന വ്യാപിപ്പിക്കാനുമാണ് ആമിനയുടെ അടുത്ത ലക്ഷ്യം. ഇത് ബെന്യാമിന്‍റെ ആടുജീവിതമല്ല, പക്ഷേ ആമിനയുടെ ജീവനും ജീവിതവും ആടുകളാണ്...