ഇടുക്കി: ഒരു വര്‍ഷം മുൻപ് അടിമാലി ഫയര്‍ഫോഴ്‌സ് യൂണിറ്റിന് അനുവദിച്ച ആംബുലന്‍സ് ഓഫീസ് സമുച്ചയത്തില്‍ വിശ്രമത്തിലാണ്. ഇന്‍ഷുറന്‍സ് പുതുക്കാത്തത് കാരണം വാഹനം നിരത്തിലിറക്കാനാവില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് വാഹനത്തിന്‍റെ ഇന്‍ഷുറന്‍സ് കാലാവധി അവസാനിച്ചെങ്കിലും പുതുക്കാനാവശ്യമായ 7300ഓളം തുക സര്‍ക്കാരില്‍ നിന്ന് ഇനിയും ലഭിച്ചിട്ടില്ല. അപകടങ്ങള്‍ സ്ഥിരമായ അടിമാലി മേഖലയില്‍ ഇന്‍ഷുറന്‍സ് പുതുക്കാത്തതിന്റെ പേരില്‍ ആംബുലന്‍സ് സര്‍വീസ് നിര്‍ത്തി വച്ചിരിക്കുന്നത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസില്‍ നിന്നും ഡിമാന്‍റ് നോട്ടീസും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ജില്ലാ ഓഫീസില്‍ നിന്നും ധനാനുമതിയും എറണാകുളം റീജണല്‍ ഓഫീസില്‍ നിന്നും അലോട്ട്‌മെന്റും ലഭിച്ചാല്‍ മാത്രമേ ഇന്‍ഷുറന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍ നടപടികളുമായി മുന്നോട്ട് പോകാനാകൂ. അപകടവേളകളില്‍ സൗജന്യമായും മറ്റവസരങ്ങളില്‍ കിലോമീറ്ററൊന്നിന് 11 രൂപ 3 പൈസക്കുമാണ് ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ ആംബുലന്‍സ് സര്‍വീസ് നടത്തിയിരുന്നത്.