ഇടുക്കി: പുല്‍പ്പള്ളി പൊലിസ് സ്‌റ്റേഷന്‍ ആക്രമണ കേസിലെ പ്രതിയായ അള്ളുങ്കല്‍ ശ്രീധരന്‍ അന്തരിച്ചു. നക്‌സല്‍ വര്‍ഗീസിന്‍റെ സഹപ്രവര്‍ത്തകനായിരുന്ന ശ്രീധരന്‍ 40 വർഷത്തിൽ അധികമായി ഇടുക്കി നെടുങ്കണ്ടത്തിന് സമീപം മാവടിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. നിരപ്പേല്‍ തങ്കപ്പന്‍ എന്ന പേരിലാണ് ശ്രീധരന്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ശ്രീധരന്‍റെ മരണത്തില്‍ നക്‌സലേറ്റ് അജിത അനുശോചനം അറിയിച്ചു.
1968 നവംബര്‍ 24ന് വയനാട് പുല്‍പ്പള്ളിയിലെ എംഎസ്‌പി ക്യാമ്പ് ആക്രമിച്ച നക്‌സല്‍ സംഘത്തില്‍ വര്‍ഗീസിനും അജിതയ്ക്കുമൊപ്പം അള്ളുങ്കല്‍ ശ്രീധരനും ഉണ്ടായിരുന്നു. സംഭവത്തില്‍ ശ്രീധരനെ കീഴ്‌ക്കോടതി വെറുതെ വിട്ടെങ്കിലും പിന്നീട് അപ്പീല്‍ കോടതി മൂന്ന് വര്‍ഷത്തേയ്ക്ക് ശിക്ഷിയ്ക്കുകയായിരുന്നു. ഇതോടെയാണ് നെടുങ്കണ്ടത്തിന് സമീപം മാവടിയിലേയ്ക്ക് ശ്രീധരന്‍ കടന്നത്. കൃഷി ജോലികളുമായി കഴിഞ്ഞിരുന്ന നിരപ്പേല്‍ തങ്കപ്പന്‍ എന്നയാൾ ശ്രീധരനായിരുന്നുവെന്ന് അയല്‍വാസികള്‍ അറിഞ്ഞിരുന്നില്ല. മരണശേഷം അജിതയുടെ സന്ദേശം സിപിഎം പ്രവര്‍ത്തകര്‍ വായിച്ചതോടെയാണ് വിപ്ലവകാരിയെ നാട്ടുകാര്‍ അറിയുന്നത്.
ALSO READ: കൊടുംതണുപ്പിൽ റഷ്യൻ അതിർത്തിയിൽ മകനും സുഹൃത്തുക്കളും; ആശങ്കയിൽ ബേസിലിന്‍റെ കുടുംബം
പുല്‍പ്പള്ളി കേസില്‍ ഭാര്യ ശ്രീധരനെതിരെ മൊഴി നല്‍കിയതോടെ കുടുംബവുമായി അകന്നു. പിന്നീട് മാവടിയില്‍ എത്തുകയും പ്രദേശവാസിയെ വിവാഹം കഴിയ്ക്കുകയും ചെയ്തു. ഇടുക്കിയില്‍ എത്തിയ ശ്രീധരന്‍ സജീവ സിപിഎം പ്രവര്‍ത്തകനായിരുന്നു. കര്‍ഷകരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചിരുന്ന സിപിഎം സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പാര്‍ട്ടി ബഹുമതികളോടെയാണ് അള്ളുങ്കല്‍ ശ്രീധരന്‍ എന്ന നിരപ്പേല്‍ തങ്കപ്പന്‍റെ സംസ്‌കാരം നടന്നത്.