ഇടുക്കി: നെടുങ്കണ്ടത്ത് ലൈഫ് ഭവന പദ്ധതിയിൽ മുൻ ഭരണസമിതി അനർഹരെ തിരുകി കയറ്റിയതായി ആക്ഷേപം. നെടുങ്കണ്ടം കോമ്പയാറ്റിൽ ലൈഫ് ഭവന പദ്ധതി പ്രകാരം നിർമ്മിക്കുന്ന വീടിനെതിരെയാണ് ആരോപണം. സിപിഎം കോമ്പയാർ ബ്രാഞ്ച് കമ്മിറ്റിയാണ് നിർമാണത്തിനെതിരെ പരാതി നൽകിയത്.
വീട് നിർമാണം പുറമ്പോക്ക് ഭൂമിയിലാണെന്നും വീട് നിർമ്മിക്കുന്ന വ്യക്തിക്ക് രണ്ടേക്കറിലധികം ഭൂമി ഉള്ള ആളാണെന്നും സിപിഎം ആരോപിക്കുന്നു. മുൻ ഭരണ സമിതി അനധികൃതമായി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇയാൾക്ക് പുറമ്പോക്കിൽ വീട് നൽകുകയായിരുന്നു എന്ന് ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും വില്ലേജ് ഓഫീസർക്കും തഹസിൽദാർക്കും സിപിഎം പരാതികൾ നൽകിയിരുന്നു.
എന്നാൽ പരാതികളിൽ നടപടി സ്വീകരിച്ചില്ലെന്നും പണം നൽകി ഉദ്യോഗസ്ഥരെ സ്വാധീനിക്കുവാനാണ് ഇപ്പോൾ മുൻ പഞ്ചായത്ത് അംഗങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും സിപിഎം നേതാക്കൾ ആരോപിച്ചു. പുറമ്പോക്കിലെ നിർമ്മാണ പ്രവൃത്തി നിർത്തിവെച്ച് ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നും നടപടി ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളുമായി രംഗത്ത് വരുമെന്നും സിപിഎം കോമ്പയാർ ബ്രാഞ്ച് കമ്മിറ്റി അറിയിച്ചു.