ഇടുക്കി: ഇന്ത്യയിലെ സ്ത്രീകൾ ഇന്ന് ആവശ്യപ്പെടുന്നത് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമാണെന്ന് വനിത കമ്മിഷൻ സംസ്ഥാന ചെയർപേഴ്സൺ എം.സി ജോസഫൈൻ പറഞ്ഞു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന അതിക്രമ വിരുദ്ധ ക്യാമ്പയിനിന്‍റെ ജില്ലാതല ഉദ്ഘാടനം രാജാക്കാട്ടിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു വനിത കമ്മിഷൻ അധ്യക്ഷ. പുരുഷനോട് ഒപ്പമുള്ള അന്തസും അഭിമാനവും കാത്ത് സൂക്ഷിക്കാനുള്ള അവകാശം, പഠിക്കാനുള്ള അവകാശം, തൊഴിൽ കിട്ടാനുള്ള അവകാശം, തൊഴിൽ ലഭിച്ചാൽ പുരുഷനു തുല്യമായ വേതനം ലഭിക്കുന്നതിനുള്ള അവകാശം എന്നിവയാണ് ഇന്ത്യയിലെ സ്ത്രികൾ ഇന്ന് ശക്‌തമായി ആവശ്യപ്പെടുന്നതെന്നും ജോസഫൈൻ പറഞ്ഞു.
മുപ്പത്തിയൊന്ന് കൊല്ലമായി നിയമസഭയിലും പാർലമെൻറ്റിലും പ്രാതിനിധ്യം കിട്ടുവാനുള്ള സമരത്തിൽ ഏർപ്പെട്ടിട്ട് പ്രദേശിക ഭരണസ്ഥാപങ്ങളിൽ മാത്രമാണ് പ്രാതിനിധ്യം കിട്ടിയിട്ടുള്ളതെന്നും എം.സി ജോസഫൈൻ കൂട്ടിച്ചേർത്തു. നവംബർ ഇരുപത്തി അഞ്ചാം തീയതി മുതൽ ഡിസംബർ പത്താം തീയതി വരെ സംസ്ഥാന വ്യാപകമായി അതിക്രമങ്ങൾക്ക് എതിരെ പൊരുതാം മുന്നേറാം എന്നാ മുദ്രാവാക്യമുയർത്തി അഖിലേന്ത്യ ജനാതിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ക്യാമ്പയിന്‍ നടത്തുന്നത്. ജില്ലാതല ഉദ്ഘാടന യോഗത്തിൽ മഹിളാ അസോസിയേഷന്‍റെ ആദ്യകാല പ്രവർത്തകരായ റ്റി.എം കമലം, കെ.ബി രാജമ്മ എന്നിവരെയും മികച്ച അദ്ധ്യാപികക്കുള്ള സംസ്ഥാന അവാർഡ് നേടിയ ഉഷാകുമാരി മോഹൻ കുമാറിനെയും ആദരിച്ചു.