ഇടുക്കി: നെല്‍ കര്‍ഷകര്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ പകര്‍ന്ന് നല്‍കി അക്ഷയ നെല്വിത്തിന്റെ ആദ്യ കൃഷിയില്‍ നൂറ്‌മേനി വിളവ്. ശാന്തമ്പാറ കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കര്‍ഷക കൂട്ടായ്മയുടെ സഹകരണത്തോടെ മേലെചെമ്മണ്ണാർ പാടശേഖരത്തിലാണ് കൃഷിയിറക്കിയത് . പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രമാണ് അക്ഷയ വികസിപ്പിച്ചത്. കൃഷിയുടെ വിളവെടുപ്പ് മഹോത്സവവും നടന്നു.
കാലാവസ്ഥാ വ്യതിയാനവും ജലലഭ്യതയുടെ കുറവും കീട ബാധയും ഹൈറേഞ്ചിലെ കര്‍ഷകര്‍ നെല്‍കൃഷിയില്‍ നിന്നും പിന്‍വാങ്ങുന്നതിന് കാരണമായിരുന്നു. ഇതോടെ പാടശേഖരങ്ങള്‍ തരിശായി കിടക്കുന്ന സാഹചര്യത്തിലാണ് നെല്‍കൃഷി തിരിച്ച് കൊണ്ടുവരുന്നതിനായി ശാന്തമ്പാറ ബാബുജി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പുതിയ വിത്തിനം ഹൈറേഞ്ചിന് പരിചയപ്പെടുത്തിയത്. പരീക്ഷണാര്‍ഥം ഉടുമ്പന്‍ചോല പഞ്ചായത്തിലെ മേലേ ചെമ്മണ്ണാര്‍ പാടശേഖരത്തില്‍ നവധാര കര്‍ഷക സംഘത്തിന്റെ സഹകരണത്തോടെ രണ്ട് ഹെക്ടര്‍ പാടത്ത് കൃഷിയിറക്കുകയായിരുന്നു. വിത്തും വളവും കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്നും എത്തിച്ച് നല്‍കി. കൃഷി പരിപാലനവും കെ വി കെയിലെ ശാസ്ത്രജ്ഞരുടെ നിര്‍ദ്ദേശത്തിനനുസരിച്ചായിരുന്നു. തണ്ടു തുരപ്പന്‍, ഓലചുരട്ടിപുഴു എന്നിവയെ ചെറക്കാനും ജല ദൗര്‍ലഭ്യത്തെ അതിജീവിക്കാനും അക്ഷയ എന്ന വിത്തിനത്തിന് കഴിയുമെന്നും അധികൃതര്‍ പറയുന്നു.
ആദ്യ കൃഷി ഹൈറേഞ്ചില്‍ വിജയത്തിലെത്തിയതോടെ വരും വര്‍ഷത്തില്‍ ജില്ലയിലെ മറ്റ് പാടശേഖരങ്ങളിലും അക്ഷയ വിത്ത് എത്തിച്ച് നല്‍കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കെ വി കെ അധികൃതര്‍. കൃഷിവിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞ ഡോ. മഞ്ചു, ആഷിബ ,സേനാപതി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള സാജു അടക്കമുള്ള ജനപ്രതിനിധികളും കര്‍ഷകരും വിളവെടുപ്പ് മഹോത്സവത്തില്‍ പങ്കെടുത്തു