ഇടുക്കി : നെടുങ്കണ്ടത്ത് പെട്രോളൊഴിച്ച് വയോധികയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ സിപിഐ നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. എഐവൈഎഫ് ജില്ല വൈസ് പ്രസിഡന്‍റ് അജീഷ് മുതുകുന്നേലിനെതിരെയാണ് നടപടി.
ഇയാള്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അംഗമാണ്. എഐവൈഎഫ് സംസ്ഥാന സമിതി തുടർ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാനനേതാക്കൾ അറിയിച്ചു. തൂക്കുപാലം പ്രകാശ്‌ഗ്രാം മിനു നിവാസ് ശശിധരന്‍ പിള്ളയുടെ ഭാര്യ തങ്കമണിക്ക് നേരെയാണ് ആക്രമണമുണ്ടായത്.
വ്യാഴാഴ്‌ച രാവിലെ 7.20ന് അജീഷ് മുത്തുകുന്നേലിന്‍റെയും ശൂലപാറ സ്വദേശി ബിജുവിന്‍റെയും നേതൃത്വത്തില്‍ ഒരു സംഘം ശശിധരന്‍പിള്ളയുടെ കടയിലേക്ക് അതിക്രമിച്ചുകയറി തങ്കമണിയെ മര്‍ദിക്കുകയായിരുന്നു.
also read: ഇടുക്കിയില്‍ വയോധികയെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമം ; രണ്ട് പേര്‍ അറസ്റ്റില്‍
തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും തങ്കമണി പറഞ്ഞു. പിന്നീട് കട അടിച്ചുതകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്‌തു.
സമീപത്തെ വീട്ടിലെത്തിയും ഭീഷണി മുഴക്കി. കടയിലെ സാധനങ്ങള്‍ പൂര്‍ണമായും നശിപ്പിച്ചു.സമൂഹമാധ്യമത്തില്‍ ഒരു കമന്‍റിട്ടയാളുമായി ബിജു ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഈ കടയില്‍ വച്ച് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരുന്നു. കടയില്‍ ഇത് പാടില്ലെന്ന് പറഞ്ഞ ശശിധരനെ പ്രതി മര്‍ദിക്കുകയും ചെയ്‌തിരുന്നു.