ഇടുക്കി: ഇടുക്കിയില്‍ മത്സ്യകൃഷി വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ. വെള്ളത്തൂവല്‍ പഞ്ചായത്തിലെ ചെങ്കുളത്ത് മത്സ്യ വിത്തുൽപാദന കേന്ദ്രത്തിനായി കണ്ടെത്തിയ സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്. ജില്ലക്കാവശ്യമായ മത്സ്യം ഇവിടെതന്നെ ഉത്പാദിപ്പിക്കാന്‍ കഴിയും. ശുദ്ധജല മത്സ്യ കൃഷിയിലേക്ക് കൂടുതല്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
വിനോദസഞ്ചാര മേഖലകളില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി അക്വോറിയങ്ങള്‍ സ്ഥാപിക്കുന്നതുൾപ്പെടെ വിവിധ സാധ്യതകള്‍ ജില്ലയില്‍ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചെങ്കുളം ജലാശയത്തിന് സമീപം കെ.എസ്.ഇ.ബിയുടെ പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശത്താണ് മത്സ്യ വിത്തുൽപാദന കേന്ദ്രത്തിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. സാധ്യതകള്‍ പരിശോധിച്ച് പദ്ധതി ആവിഷ്‌കരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.