ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടുക്കി, പാലക്കാട് ജില്ലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങി എഐഎഡിഎംകെ. ഇടുക്കിയില്‍ പീരുമേട്, ദേവികുളം നിയോജക മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിർത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്കും എഐഎഡിഎംകെ തുടക്കം കുറിച്ചു. തമിഴ് തോട്ടം തൊഴിലാളികളടക്കം തിങ്ങിപ്പാര്‍ക്കുന്ന അതിര്‍ത്തി മേഖകളില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.
കഴിഞ്ഞ തവണയും ഈ രണ്ട് മണ്ഡലങ്ങളിലും എഐഎഡിഎംകെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. പീരുമേട്ടില്‍ മത്സരിച്ച അബ്ദ്ദുള്‍ ഖാദര്‍ 2862 വോട്ടുകളാണ് നേടിയത്. എന്നാല്‍ ദേവികുളം മണ്ഡലത്തില്‍ ബിജെപിയെക്കാള്‍ വോട്ട് നേടിയത് എഐഎഡിഎംകെ സ്ഥാനാര്‍ഥിയായ ആര്‍.എം ധനലക്ഷ്മിയാണ്. 11613 വോട്ടുകളാണ് ധനലക്ഷ്മിക്ക് ലഭിച്ചത്. ഇത്തവണ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എഐഎഡിഎംകെയും. ഇടുക്കിക്കൊപ്പം പാലക്കാട് ജില്ലയിലും സ്ഥാനാര്‍ഥികളെ നിര്‍ത്തണമെന്നും എഐഎഡിഎംകെ നേതൃത്വം വ്യക്തമാക്കി.