ഇടുക്കി: സംസ്ഥാനത്തെ ഏക ഗോത്രപഞ്ചായത്തായ ഇടമലക്കുടിയുടെ ഏറ്റവും വലിയ ആവശ്യം ഗതാഗതയോഗ്യമായൊരു റോഡാണ്. വനത്തിനുള്ളിലൂടെ 45 കിലോമീറ്റര്‍ സാഹസികമായി സഞ്ചരിച്ചാണ് കോളനിയിലെ നിര്‍ധനകുടുംബങ്ങള്‍ ദൈന്യംദിന ആവശ്യങ്ങള്‍ക്കായി ഇപ്പോഴും പുറം ലോകത്തെത്തുന്നത്. ദുര്‍ഘടപാതയിലൂടെ കാട്ടുമൃഗങ്ങളുടെ ആക്രമണം ഭയന്ന് ജീപ്പ് മാര്‍ഗ്ഗം ഇവര്‍ക്ക് പുറത്തെത്തണമെങ്കില്‍ കുറഞ്ഞത് നാല് മണിക്കൂര്‍ വേണ്ടി വരും. 500 രൂപയാണ് ഇരുവശത്തേക്കുമുള്ള ജീപ്പ് കൂലി. പത്തോളം ജീപ്പുകള്‍, കല്ലുമാത്രമുള്ള വഴിയിലൂടെ സാഹസികമായി സര്‍വീസ് നടത്തുന്നു. ഗതാഗതയോഗ്യമായൊരു റോഡാണ് എല്ലാവരുടെയും സ്വപ്‌നമെന്ന് കോളനി നിവാസി ചെകപ്പന്‍ പറയുന്നു.
ഒരുവാഹനത്തിന് മാത്രം കടന്നു പോകാനുള്ള വീതിയേ ഇടമലക്കുടിയിലേക്കുള്ള റോഡിനുള്ളു. തീര്‍ത്തും ദുര്‍ഘടമായ ഇടങ്ങളിലെങ്കിലും കോണ്‍ക്രീറ്റ് ചെയ്താല്‍ ഒരു പരിധിവരെ യാത്രാക്ലേശത്തിന് പരിഹാരമാകും. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുല്ലുമേട് തോടിന് കുറുകെ നിര്‍മിച്ച പാലത്തിന് ഇനിയും അപ്രോച്ച് റോഡ് നിര്‍മിച്ചിട്ടില്ല. വനംവകുപ്പിന്‍റെയും ട്രൈബല്‍ ഡിപ്പാര്ട്ട്‌മെന്റിന്റെയും സഹകരണത്തോട നിശ്ചിത തുക ഈടാക്കി കൃത്യമായ ഇടവേളകളിൽ മൂന്നാറില്‍ നിന്നും ഇടമലക്കുടിയില്‍ നിന്നും ജീപ്പ് സര്‍വീസുകള്‍ ആരംഭിച്ചാല്‍ കോളനിക്കാരുടെ മണിക്കൂറുകള്‍ താണ്ടിയുള്ള നടത്തം അവസാനിപ്പിക്കാം. ഇതിനായി അധികൃതര്‍ ഇടപെടണമെന്നാണ് കോളനിക്കാര്‍ ആവശ്യപ്പെടുന്നത്.