ഇടുക്കി: ഇടുക്കി പെരിഞ്ചാൻകുട്ടിയിൽ ആദിവാസികൾ നടത്തിവന്നിരുന്ന കുടിൽ കെട്ടി സമരം അവസാനിപ്പിച്ചു. മൂന്നാർ ഡിഎഫ്ഒ, ജില്ലാ കലക്ടർ, സമരസമിതി നേതാക്കൾ എന്നിവർ ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന ചർച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. ഉടൻ തന്നെ അനുയോജ്യമായ ഭൂമി കണ്ടെത്തി ആദിവാസികളെ പുനരധിവസിപ്പിക്കാമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. സര്‍ക്കാര്‍ ഉത്തരവും കോടതി വിധിയും ഉണ്ടായിരുന്നിട്ടും കുടിയിറക്കിയ കുടുംബങ്ങൾക്ക് പുനരധിവാസത്തിന് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ആദിവാസി കുടുംബങ്ങള്‍ വനത്തില്‍ കുടില്‍കെട്ടി താമസം ആരംഭിച്ചത്.
രണ്ടായിരത്തി ഒമ്പതില്‍ ആദിവാസി പുനരധിവാസ പദ്ധതിയില്‍ പെരിഞ്ചാന്‍കുട്ടിയില്‍ പുനരധിവസിപ്പിച്ച കുടുംബങ്ങളെ വനം, റവന്യൂ വകുപ്പുകള്‍ തമ്മിലുള്ള തര്ക്കത്തിന്റെ പേരില്‍ രണ്ടായിരത്തി പന്ത്രണ്ടില്‍ ഇവിടെ നിന്നും കുടിയിറക്കി. ഇതോടെ ജീവിതം വഴിമുട്ടിയ ആദിവാസികള്‍ ഇടുക്കി കലക്ടറേറ്റ് പടിക്കല്‍ സമരം ആരംഭിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇവര്‍ സമരം തുടരുകയായിരുന്നു. ഇതിനിടയില്‍ രണ്ടായിരത്തി പതിനേഴില്‍ ആദിവാസികള്‍ കുടിയേറിയത് റവന്യൂ ഭൂമിയാണെന്ന് കണ്ടെത്തി. ഇതിന് ശേഷം ഇവരെ ഇവിടെ പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുവാന്‍ ക്യാബിനറ്റ് യോഗം ചേര്‍ന്ന് ഉത്തരവിറക്കി. എന്നാല്‍ അധികൃതര്‍ വേണ്ട നടപടി സ്വീകരിച്ചില്ല. കിടപ്പാടവും കൃഷിയുമില്ലാതെ ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് ഇന്ന് പുലര്‍ച്ചയോടെ വിവിധ വിഭാഗത്തില്‍ പെട്ട എഴുപതോളം ആദിവാസി കുടുംബങ്ങള്‍ വനമേഖലയിലെത്തി കുടില്‍കെട്ടി താമസം ആരംഭിച്ചത്.