ഇടുക്കി: അടിമാലി താലൂക്കാശുപത്രിയുടെ പുതിയ ബ്ലോക്കിലെ നാലാം നില മദ്യപാനികളുടെ കേന്ദ്രമായി മാറുന്നു. നിർമാണം പൂര്‍ത്തീകരിച്ച ബ്ലോക്കിലെ ഒന്നും രണ്ടും മൂന്നും നിലകൾ മാത്രമാണ് രോഗികൾക്കായി തുറന്ന് നല്‍കിയിട്ടുള്ളത്. ആശുപത്രി ജീവനക്കാരുടെയോ സുരക്ഷാ ജീവനക്കാരുടെയോ കണ്ണെത്താത്ത നാലാം നിലയില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ മദ്യപാനവും പുകവലിയും നടക്കുന്നു.
രോഗികള്‍ക്കൊപ്പമെത്തുന്ന കൂട്ടിരിപ്പുകാര്‍ മുതല്‍ പുറത്തു നിന്നുള്ളവര്‍ വരെ ആളൊഴിഞ്ഞ് കിടക്കുന്ന ഈ ഭാഗത്തെത്തി മദ്യപിച്ച് മടങ്ങുന്നതായി രോഗികള്‍ പരാതിപ്പെടുന്നു. ചിതറിക്കിടക്കുന്ന മദ്യകുപ്പികളും സിഗരറ്റ് കുറ്റികളും മുതല്‍ മൂത്രവിസര്‍ജ്ജനം നടത്തിയ കുപ്പികൾ വരെ ആളൊഴിഞ്ഞ നാലാം നിലയില്‍ കാണാം. സ്ഥിരം മദ്യപാനികള്‍ ഗ്ലാസുകള്‍ ഇവിടെ സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. മദ്യപിച്ചെത്തുന്നവര്‍ ആശുപത്രി പരിസരത്ത് പ്രശ്‌നം സൃഷ്ടിക്കുന്നതും പതിവ് സംഭവമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായി ആശുപത്രിയില്‍ പൊലീസ് ഔട്ട് പോസ്റ്റ് തുറക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.