ഇടുക്കി: യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയം പാസായതോടെ അടിമാലി ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണ നഷ്ടം. 21 സീറ്റുകളിൽ 10 നെതിരെ 11 വോട്ടുകൾ നേടിയാണ് യുഡിഎഫ് അവിശ്വാസ പ്രമേയം പാസായത്.
പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീജ ജോർജിനെതിരെയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പത്ത് യുഡിഎഫ് അംഗങ്ങളും ഒരു സ്വതന്ത്രനുമാണ് അവിശ്വാസപ്രമേയത്തിൽ ഒപ്പിട്ടത്. ഒരു സ്വതന്ത്രൻ തുടക്കത്തിൽ യുഡിഎഫിനൊപ്പമായിരുന്നു. അന്ന് പ്രസിഡന്‍റായിരുന്ന സ്മിത മുനിസ്വാമിക്കെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടു വന്നതോടെ യുഡിഎഫിനൊപ്പം നിന്ന സ്വതന്ത്രൻ എൽഡിഎഫിൽ വന്നു. ഒപ്പം സ്മിത മുനിസ്വാമിയും എൽ ഡി എഫിലെത്തി. രണ്ട് സ്വതന്ത്രർ വന്നതോടെ ഒൻപതെന്ന കക്ഷിനില എൽഡിഎഫ് ഉയർത്തി 11 ആക്കി. യുഡിഎഫിന്‍റെ പത്ത് കക്ഷി നിലക്ക് മുകളിൽ വന്നതോടെ എൽഡി എഫിന് ഭരണം ലഭിച്ചു. ഇടതുപക്ഷത്തിന്‍റെ കുതിരക്കച്ചവടത്തിന് താക്കീതാണ് അവിശ്വാസപ്രമേയത്തിന്റെ വിജയമെന്നും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എസ് സിയാദ് പറഞ്ഞു.
പട്ടികജാതി സംവരണം ഉള്ള അടിമാലി പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്കും, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും വരുന്ന 15 നുള്ളിൽ തെരഞ്ഞെടുപ്പ് നടക്കും. എങ്കിലും അടിമാലിയിലെ രാഷ്ട്രീയ നാടകങ്ങൾ വീണ്ടും തുടരും എന്നുതന്നെ വേണം കരുതാൻ.