ഇടുക്കി: കമ്പംമെട്ടിൽ വയോധികനെ അയൽവാസി കോടാലികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപ്പെടുത്തുവാൻ ഉപയോഗിച്ച മാരകായുധങ്ങളും സംഭവ ശേഷം ഒളിപ്പിച്ച ചോര പുരണ്ട വസ്ത്രങ്ങളും കണ്ടെത്തി. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
ശനിയാഴ്ച രാത്രിയിൽ മദ്യം നിർമിച്ച് കഴിക്കുന്നതിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് കമ്പംമെട്ട് തണ്ണിപാറ സ്വദേശി രാമഭദ്രനെയാണ് അയൽവാസിയായ ജോർജുകുട്ടി കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ജോർജുകുട്ടി ആശുപത്രിയിൽ ചികിത്സയിലായതോടെയാണ് സംഭവം പുറത്തായത്. ഒറ്റയ്ക്ക് താമസിക്കുന്ന രാമഭദ്രനും ജോർജുകുട്ടിയും ദിവസവും രാത്രികാലങ്ങളിൽ ചീട്ടു കളിക്കുകയും മദ്യപിക്കുകയും ചെയ്യുമാരുന്നു.
രാത്രിയിൽ ചീട്ടുകളിക്കിടെ മദ്യപിച്ച ശേഷം ഉണ്ടായ തർക്കത്തെ തുടർന്ന് ഇരുവരും തമ്മിൽ ഏറ്റുമുട്ടി. പ്രതി രാമഭദ്രനെ കോടാലികൊണ്ട് തലയ്ക്ക് അടിക്കുകയും ചവിട്ടി വീഴ്ത്തുകയുമായിരുന്നു. മദ്യലഹരിയിലുണ്ടായ പ്രകോപനത്തിൽ അബദ്ധത്തിൽ സംഭവിച്ച കൈപ്പിഴയാകാമെന്നാണ് പൊലീസിന്‍റെ പ്രാധമിക വിലയിരുത്തൽ. മരിച്ച രാമഭദ്രനും ജോർജുകുട്ടിയും വർഷങ്ങളായി ഉറ്റ സുഹൃത്തുക്കളാണന്നും മുൻ വൈരാഗ്യത്തിന് കാരണമാകുന്ന വഴക്കുകളോ പ്രശ്നങ്ങളോ ഇവർക്കിടയിൽ ഇല്ലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
ഇന്നലെ രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ രാവിലെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപ്പെടുത്തുവാൻ ഉപയോഗിച്ച കോടാലി, വാക്കത്തി തുടങ്ങിയവ കണ്ടെടുത്തു. സംഭവ സമയം പ്രതി ഉപയോഗിച്ച വസ്ത്രങ്ങൾ ചോര പുരണ്ട നിലയിൽ ശുചി മുറിക്ക് സമീപത്തു നിന്നും ലഭിച്ചു. ജോർജുകുട്ടി കുറ്റം സമ്മതിച്ചതായി കമ്പംമേട് സി.ഐ ജി സുനിൽകുമാർ അറിയിച്ചു. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.