ഇടുക്കി: മൂന്നാറിലെ ഗവൺമെന്‍റ് ടിടിസി കോളജിലെ വിദ്യാർഥിനിയായ പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്‌റ്റില്‍. പാലക്കാട് പരിശക്കൽ സ്വദേശി സക്കരൈ വീട്ടിൽ ആൽവിൻ ജെറാൾഡ് (23) ആണ് അറസ്‌റ്റിലായത്. പെണ്‍കുട്ടിയുടെ മുൻ സുഹൃത്തായിരുന്നു ആൽവിൻ.
ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. ടീച്ചേഴ്‌സ് ട്രെയിനിങ് സെന്‍ററില്‍ നിന്നും ഹോസ്റ്റലിലേക്ക് പോയ പെൺകുട്ടിയെ നല്ലതണ്ണി റോഡിലെ പെന്തക്കോസ്‌ത പള്ളിയ്‌ക്ക് സമീപമുള്ള ഒറ്റപ്പെട്ട സ്ഥലത്ത് വച്ച് പ്രതി ആക്രമിക്കുകയായിരുന്നു. കയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് പെൺകുട്ടിയുടെ തലയ്ക്ക് വെട്ടുകയായിരുന്നു. വെട്ടേറ്റ് രക്തത്തിൽ കുളിച്ച് പാതയോരത്ത് കിടന്ന പെൺകുട്ടിയെ ഇതുവഴി വാഹനത്തിൽ എത്തിയ നല്ലതണ്ണി ഐടിഡിയിലെ ജീവനക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്.
അത്യാഹിത വിഭാഗത്തിൽ തുടരുന്ന പെൺകുട്ടി, ആൽവിനാണ് തന്നെ വെട്ടിയതെന്ന് പൊലീസിന് മൊഴി നൽകി. കൃത്യം നിര്‍വഹിച്ച ശേഷം ആൽവിന്‍ ഇവിടെ നിന്നും ഓടിരക്ഷപ്പെട്ടു. ആർക്കും ഇയാളെ തിരിച്ചറിയാനോ പിടികൂടാനോ സാധിച്ചില്ല.
ഇന്നലെ തന്നെ പൊലീസ് പ്രതിക്കായി തെരച്ചിൽ തുടങ്ങിയിരുന്നു. പിന്നീട് ഇന്ന് പുലർച്ചെ രണ്ടരയോടെ മൂന്നാർ ടൗൺ കുരിശുപള്ളിക്ക് സമീപം ആൽവിനെ പൊലീസ് കണ്ടെത്തുകയായിരുന്നു. അപ്പോഴേക്കും പ്രതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന പ്രതിയുടെ ആരോഗ്യ നിലയെ കുറിച്ചുള്ള റിപ്പോർട്ട് പുറത്ത് വന്നിട്ടില്ല. അതേസമയം, പെൺകുട്ടി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പ്രണയ നൈരാശ്യമാണ് കൊലപാതക ശ്രമത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കുന്നത്.