ഇടുക്കി : കൊവിഡിന്‍റെയും തുടർന്നുവന്ന ലോക്ക്ഡൗണിന്‍റെയും വിരസത അകറ്റാന്‍ അവധി ദിനങ്ങളിൽ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തുകയാണ് സഞ്ചാരികൾ. മനം മയക്കുന്ന കാഴ്‌ചകളൊരുക്കി സഞ്ചാരികളെ വരവേൽക്കുകയാണ് വണ്ണപുറം പഞ്ചായത്തിലെ ആനചാടിക്കുത്ത് വെള്ളച്ചാട്ടം.
വനം വകുപ്പിന്‍റെ ഇക്കോ ടൂറിസം പദ്ധതിയിൽ ഇടം നേടിയ തൊമ്മൻകുത്ത് വെള്ളച്ചാട്ടം സമീപത്തുണ്ടെങ്കിലും ആനചാടികുത്താണ് സഞ്ചാരികൾക്ക് കൂടുതൽ പ്രിയം. തൊമ്മൻകുത്ത് വെള്ളചാട്ടത്തെ അപേക്ഷിച്ച് അപകടം തീരെ കുറവുള്ള മേഖലയാണ് ഇവിടം.
കൂടാതെ വെള്ളച്ചാട്ടത്തിന് താഴെ കുളിക്കുവാനുള്ള വിശാലമായ സൗകര്യവുമുണ്ട്. ഇക്കാരണങ്ങളാണ് ഇവിടേക്ക് വീണ്ടുമെത്താൻ സഞ്ചാരികളെ പ്രേരിപ്പിക്കുന്നത്.
എന്നാൽ ഇവിടേക്ക് എത്തുവാനുള്ള യാത്രാസൗകര്യമാണ് സഞ്ചാരികൾ നേരിടുന്ന പ്രധാന വെല്ലുവിളി. സ്വകാര്യ വ്യക്‌തിയുടെ ഭൂമിയിലൂടെ പരിമിതമായ സൗകര്യങ്ങളിലൂടെയാണ് വെള്ളച്ചാട്ടത്തിലേക്ക് എത്തേണ്ടത്.
സർക്കാർ തലത്തിൽ മികച്ച ഇടപെടൽ നടത്തിയാൽ ഇടുക്കിയിലെ തന്നെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമായി മാറാൻ സാധ്യതയുള്ള സ്ഥലമാണിവിടം.
ALSO READ: നൂറ്റാണ്ടുകളുടെ സ്‌മരണകൾ പേറി ബോഡിമെട്ട് കസ്റ്റംസ് ഹൗസ് വിസ്‌മൃതിയിലേക്ക്
ജില്ല ഭരണകൂടവും ടൂറിസം വകുപ്പും ഇടപെട്ട് ആനചാടിക്കുത്തിലേക്ക് യാത്രാസൗകര്യങ്ങൾ ഒരുക്കണമെന്നാണ് സഞ്ചാരികളുടെ പ്രധാന ആവശ്യം. കൂടാതെ വിനോദസഞ്ചാരികൾക്ക് വേണ്ട സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നു.