ഇടുക്കി : രാജാക്കാട് 14-കാരിയെ ബലാത്സംഗം ചെയ്‌ത് ഗർഭിണിയാക്കിയ ബന്ധുവായ യുവാവിന് 80 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. ഇടുക്കി രാജാക്കാട് പോലീസ് (Rajakkad Police) രജിസ്റ്റര്‍ ചെയ്‌ത കേസിൽ ഇടുക്കി അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത് (80 Years Imprisonment- Idukki Court Verdict In Raping Minor Girl). പോക്സോ അടക്കമുള്ള വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് 80 വർഷം കഠിനതടവ് വിധിച്ചത്.
അതേസമയം പ്രതി ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. അതിനാൽ വിവിധ വകുപ്പുകളിൽ ലഭിച്ച ഉയർന്ന ശിക്ഷയായ 20 വർഷം തടവില്‍ കഴിഞ്ഞാല്‍ മതി. തടവ് കൂടാതെ 40,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ അധികതടവ് കൂടി അനുഭവിക്കണം. പെൺകുട്ടിയുടെ പുനരധിവാസത്തിനായി ജില്ല ലീഗൽ സർവീസ് അതോറിറ്റിയോട് ഒരു ലക്ഷം രൂപ നൽകാനും കോടതി നിർദേശിച്ചു.
2020ൽ രാജാക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. വിവാഹിതനായ പ്രതി, ഭാര്യ വീട്ടില്‍ ഇല്ലാത്ത സമയത്താണ് പതിനാലുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചത്. ഗർഭിണിയായ പെൺകുട്ടി പ്രസവിച്ചപ്പോഴാണ് സംഭവം പുറത്താകുന്നത്. തുടര്‍ന്ന് ബന്ധുവായ പ്രതിയെ അറസ്റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. രാജാക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ 23 സാക്ഷികളെ വിസ്‌തരിച്ചു. 27 രേഖകളും വിചാരണയ്ക്കിടെ കോടതിയില്‍ ഹാജരാക്കി.
പീഡന പരാതിയിൽ നടൻ ഷിയാസ് കരീം പിടിയിൽ : വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന കാസർകോട് സ്വദേശിനിയുടെ പരാതിയിൽ സിനിമ, റിയാലിറ്റി ഷോ താരം ഷിയാസ് കരീം (34) അറസ്റ്റില്‍. ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് ഷിയാസ് കരീമിനെ പിടികൂടിയത് (Sexual Assault Case case Shiyas Kareem). ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ കസ്‌റ്റംസ് ചെന്നൈ വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയായിരുന്നു.
ചെന്നൈ കസ്‌റ്റംസ് വിഭാഗം ഇക്കാര്യം കാസർകോട് ചന്തേര പൊലീസിനെ അറിയിച്ചിട്ടുണ്ട്. പൊലീസ് സംഘം ചെന്നൈയിൽ എത്തി ഷിയാസിന്‍റെ അറസ്‌റ്റ് രേഖപ്പെടുത്തും. ഇതിനായി ചന്തേര പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു. ഷിയാസ് കരീമിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് ഇറക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചെന്നൈ വിമാനത്താവളത്തിൽ കസ്‌റ്റംസ് തടഞ്ഞത്.
എറണാകുളം പെരുമ്പാവൂർ സ്വദേശിയാണ് ഷിയാസ്. വിവാഹ വാഗ്‌ദാനം നൽകി ജിം ട്രെയിനറായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ചന്തേര പൊലീസ് കേസ് എടുത്തത്. ചെറുവത്തൂർ സ്വദേശിനിയായ 32 കാരിയുടെ പരാതിയിലാണ് ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേനായ ഷിയാസിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്.