ഇടുക്കി: ചിന്നുമോള്‍ ഇനി സ്‌കൂളിലെത്തും. രണ്ടാം ക്ലാസിലെ കൂട്ടുകാര്‍ക്കൊപ്പം കൂട്ടുകൂടും. സ്‌കൂളില്‍ പോകാൻ വഴിയില്ലാത്തതിന്‍റെ പേരില്‍ പ്രാഥമിക വിദ്യാഭ്യാസം ആരംഭിക്കാത്ത എട്ടുവയസുകാരി ചിന്നുമോളെ സ്‌കൂളില്‍ എത്തിയ്ക്കാന്‍ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്.
നടപടി ഇടിവി വാര്‍ത്തയെ തുടര്‍ന്ന്
ഇടിവി വാർത്തയെത്തുടർന്ന് ഇടുക്കി ജില്ല കലക്‌ടര്‍ ഷീബ ജോര്‍ജ് ചിന്നുമോളെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ഉടുമ്പന്‍ചോല ചെല്ലക്കണ്ടം മന്നാക്കുടിയിലെ ഊരുമൂപ്പന്‍ ചെല്ലപ്പന്‍റെ മകള്‍ ചിന്നുവിനെ സ്‌കൂളില്‍ ചേര്‍ക്കാതിരുന്നത് വഴിയുടെ അഭാവം മൂലമാണ്. ഓണ്‍ ലൈനിലൂടെയും പഠനം ആരംഭിച്ചിരുന്നില്ല.
ചിന്നുവിന്‍റെ അവസ്ഥ കഴിഞ്ഞ ദിവസം ഇടിവി ഭാരത് റിപ്പോർട്ട് ചെയ്‌തിരുന്നു. തുടര്‍ന്ന് ഉടുമ്പന്‍ചോല ഗവ. ഹൈസ്‌കൂള്‍ അധികൃതര്‍ ചിന്നുവിന്‍റെ കുടിയില്‍ എത്തി രണ്ടാം ക്ലാസിലേയ്ക്ക് പ്രവേശനം നല്‍കി. പുസ്‌തകങ്ങളും സമ്മാനിച്ചു. മറ്റ് കുട്ടികളുടെ ഒപ്പമെത്തുന്നതിനായി ചിന്നുവിന് പ്രത്യേക പരിശീലനം നല്‍കുമെന്നും അറിയിച്ചു.
ALSO READ: വയസ് എട്ട്: പേര് ചിന്നു, സ്കൂളിനെ കുറിച്ച് കേട്ടറിവ് പോലും ഇല്ല; അധികൃതര്‍ അവഗണിച്ച ആദിവാസി ഊര്
കുടിയില്‍ എത്തി ചിന്നുവിനെ സന്ദര്‍ശിച്ച ഇടുക്കി ജില്ല കലക്‌ടര്‍ ഷീബ ജോര്‍ജ് ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണ്‍ കൈമാറി. ഗോത്ര സാരഥി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടിയുടെ പഠനം ഉറപ്പ് വരുത്തുവാനും, വഴി ഉള്‍പ്പടെ ചെല്ലകണ്ടം മന്നാക്കുടി നിവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും കലക്‌ടർ അധികൃതർക്ക് നിര്‍ദേശം നല്‍കി.