ഇടുക്കി: എട്ട് വയസായിട്ടും ഉടുമ്പന്‍ചോല ചെല്ലക്കണ്ടം മന്നാക്കുടി നിവാസിയായ ചിന്നുവിന് പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചിട്ടില്ല. പ്രായമനുസരിച്ച് മൂന്നാം ക്ലാസിൽ പഠിക്കേണ്ടതാണ് ചിന്നു. എന്നാൽ സ്‌കൂളിനെക്കുറിച്ച് കേട്ടറിവ് പോലുമില്ല.
ഏലതോട്ടത്തിലെ ഒറ്റയടി പാതയിലൂടെ സഞ്ചരിച്ചാൽ മാത്രമേ ഇവര്‍ക്ക് പുറം ലോകത്തേക്ക് എത്താന്‍ കഴിയുകയുള്ളു. സഞ്ചാര യോഗ്യമായ റോഡ് ഇല്ലാത്തതിനാല്‍ കുട്ടിയെ സ്‌കൂളില്‍ വിടാന്‍ കഴിയുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഊരുമൂപ്പനായ ചെല്ലപ്പന്‍റെ മകളാണ് ചിന്നു. ഊരില്‍ നിന്നും കഴിഞ്ഞ വര്‍ഷം പത്താം ക്ലാസ് പൂര്‍ത്തീകരിച്ച വിഷ്‌ണുവും പഠനം നിര്‍ത്തി.
കൊവിഡ് കാലത്ത് പോലും അവഗണന
കൊവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ ട്രൈബല്‍ ഡെവലപ്പ്മെന്‍റ് വകുപ്പ് ജീവനക്കാരോ മറ്റ് സര്‍ക്കാര്‍ ജീവനക്കാരോ തങ്ങളുടെ കുടിയില്‍ എത്തിയിട്ടില്ലെന്ന് ഇവർ പറയുന്നു. വഴിയോ കുടിവെള്ളമോ യാതൊരു അടിസ്ഥാന സൗകര്യങ്ങളോ ഇവിടെയില്ല. ആശുപത്രിയിലേക്ക് രോഗികളെ ചുമന്ന് കൊണ്ടുപോകണം. മഴക്കാലമായാല്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സമീപത്തെ എസ്റ്റേറ്റ് ലയത്തിലേക്ക് താമസം മാറണം.
പട്ടയം ലഭിക്കാതെ കുടുംബങ്ങൾ
അഞ്ച് കുടുംബങ്ങളിലായി 22 പേരാണ് ചെല്ലക്കണ്ടം കുടിയില്‍ കഴിയുന്നത്. ആകെ 80 സെന്‍റ് ഭൂമിയാണ് കുടിനിവാസികള്‍ക്കായുള്ളത്. നാല് തലമുറകളായി ഇവിടെ കഴിയുന്നവരാണെങ്കിലും ഭൂമിക്ക് ഇതുവരെയും പട്ടയം ലഭിച്ചിട്ടില്ല. കുത്തക പാട്ട വ്യവസ്ഥയില്‍ മുന്‍പ് ഏഴര ഏക്കറോളം ഭൂമി ഉണ്ടായിരുന്നെങ്കിലും പാട്ടത്തിന് എടുത്ത പലരും ഭൂമി തിരികെ നല്‍കാതെ അവരുടെ പേരിലേയ്ക്ക് കുത്തക പാട്ടം മാറ്റിയതായും ഇവര്‍ ആരോപിയ്ക്കുന്നു.
മുമ്പ് എട്ട് കുടുംബങ്ങൾ കുടിയില്‍ ഉണ്ടായിരുന്നെങ്കിലും വഴിയുടെയും വെള്ളത്തിന്‍റെയും പ്രശ്‌നത്തെ തുടർന്ന് മൂന്ന് കുടുംബങ്ങള്‍ ഇവിടെ നിന്നും മാറുകയായിരുന്നു. കുല ദൈവത്തിന്‍റെ ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാലാണ് ഊരുമൂപ്പനും മറ്റുള്ളവരും ഇവിടെ തന്നെ താമസിക്കുന്നത്.
ALSO READ: സമത്വ പ്രതിമ സന്ദര്‍ശിച്ച് അല്ലു അര്‍ജുനും ബാബ രാംദേവും, കാണാം വീഡിയോ