ഇടുക്കി: മലയാളികളടക്കം 174 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മലേഷ്യയിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്. ഇതില്‍ 44 പേര്‍ കേരളീയരാണ്. ഇടുക്കി സ്വദേശിയായ വിദ്യാര്‍ഥിയാണ് ഇക്കാര്യം അറിയിച്ചത്. ഇവരില്‍ കോവിഡ് രോഗ ലക്ഷണങ്ങളുള്ളവരുമുണ്ട്. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ ലഭിച്ചില്ലെന്നും വിദ്യാര്‍ഥിയായ സിയ വീഡിയോ കോളിലൂടെ ഇ.ടി.വി ഭാരതിനോട് പറഞ്ഞു.
മലേഷ്യയിലെ വിവിധ സര്‍വകലാശാലകളില്‍ ഉപരി പഠനത്തിന് എത്തിയ വിദ്യാർഥികളാണ് ചികിത്സ ലഭിക്കാതെ കഴിയുന്നത്. ഒരു മാസമായി സര്‍വകലാശാലകള്‍ അടഞ്ഞുകിടക്കുകയാണ്. അന്നു മുതൽ വിദ്യാർഥികൾ തിരിച്ചെത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിച്ചിട്ടില്ല. ചില വിദ്യാർഥികളുടെ പാസ്പോർട്ട് അടക്കമുള്ള രേഖകൾ വിസ പുതുക്കലിനായി നൽകിയിട്ടുണ്ട്. ഇവ തിരികെ ലഭിച്ചില്ല. വിദ്യാര്‍ഥികള്‍ മലേഷ്യയിലെ ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്.
കുടുങ്ങി കിടക്കുന്നവരില്‍ ചിലര്‍ക്ക് പനിയുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവർക്ക് കോവിഡ്-19 പരിശോധന നടത്താൻ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും വിദ്യാർഥി അറിയിച്ചു. ഏഷ്യ പസഫിക്, മഹ്സ, ഐ.ഐ.യു.എം, സൺവേ, യു.സി.എസ്.ഐ തുടങ്ങിയ സർവകശാലകളിലെ വിദ്യാർഥികളാണ് കുടുങ്ങി കിടക്കുന്നത്. താമസിക്കുന്ന പ്രദേശത്ത് കൊവിഡ്-19 വ്യാപനമുള്ളതിനാല്‍ പുറത്തിറങ്ങാനാകാതെ മുറിക്കുള്ളിലാണ് ഇവരുടെ ജീവിതം. ഭക്ഷണമോ, മരുന്നുകളോ ഇവർക്ക് കൃത്യമായി ലഭിക്കുന്നില്ല. എത്രയും വേഗം തിരികെ നാട്ടിൽ എത്തിക്കാൻ സർക്കാർ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.