ഇടുക്കി: ഒന്നരനൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങുന്ന പള്ളികുന്നിലെ സെന്‍റ് ജോർജ് സിഎസ്‌ഐ ദേവാലയം ഇന്നും പഴമയുടെ ചരിത്രം വിളിച്ചുപറയുകയാണ്. ഇടുക്കിയുടെ മലമടക്കുകളിൽ വ്യവസായവുമായി എത്തിയ ബ്രിട്ടീഷുകാരാണ് ഇവിടെ പള്ളി നിർമിച്ചത്. ഇന്ന് വിദേശികൾക്കും സ്വദേശികൾക്കും കൗതുകത്തിനപ്പുറം വിസ്‌മയം തീർക്കുന്ന ഇടമായി മാറിയിരിക്കുകയാണ് 150 വർഷത്തോളം പഴക്കമുള്ള ഈ ദേവാലയം.
കോട്ടയം കട്ടപ്പന റൂട്ടിൽ കുട്ടിക്കാനത്തിനു സമീപം പള്ളിക്കുന്ന് എന്ന സ്ഥലത്താണ് ഈ ദേവാലയം നിലകൊള്ളുന്നത്. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 2500 മുതൽ 3500 അടി വരെ ഉയരമുള്ള മലനിരകളാൽ ചുറ്റുപ്പെട്ടതാണീ പ്രദേശം. 1860 കളിൽ വ്യാവസായിക ആവശ്യങ്ങൾക്കായി ഇവിടെ എത്തിയ യൂറോപ്യന്മാരിൽ പ്രധാനിയായ ഹെൻട്രി ബേക്കറാണ് ഈ പള്ളി നിർമിച്ചത്.
ഹെൻട്രി ബേക്കർ കൃഷിയുമായി ബന്ധപ്പെട്ട് ഇവിടെ നിലയുറപ്പിക്കുകയും അദ്ദേഹത്തിന്‍റെ കുടുംബവും സുഹൃത്തുക്കളും ഈ മേഖലയിൽ താമസിക്കുകയും ചെയ്‌തു. ആ സമയം ഒരു ദേവാലയം വേണമെന്ന ആഗ്രഹം ഹെൻട്രിക്ക് ഉണ്ടാവുകയായിരുന്നു. പിന്നാലെയാണ് പള്ളിക്കുന്നിൽ ദേവാലയം നിർമിക്കാൻ ഹെൻട്രി ബേക്കർ ജൂനിയറിന്‍റെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർ തീരുമാനമെടുത്തത്.
15 ഏക്കർ വിട്ടുനൽകി സേതുലക്ഷ്‌മി ഭായി: തുടർന്ന് അന്നത്തെ തിരുവിതാംകൂർ അമ്മ മഹാറാണി റാണി സേതുലക്ഷ്‌മി ഭായി തമ്പുരാട്ടി ദേവാലയത്തിനായി 15 ഏക്കർ 62 സെന്‍റ് സ്ഥലം വിട്ടു നൽകി. ഒടുവിൽ 1869ലാണ് പള്ളിക്കുന്നിലെ ദേവാലയത്തിന്‍റെ പണികൾ പൂർത്തീകരിച്ച് ആരാധനയ്ക്കായി തുറന്നു നൽകിയത്. ആദ്യ കാലഘട്ടങ്ങളിൽ അഴുത സെന്‍റ് ജോർജ് സിഎസ്ഐ പള്ളി എന്നാണ് ഈ ദേവാലയം അറിയപ്പെട്ടിരുന്നത്.
നിർമാണ ചെലവ് 800 രൂപ മാത്രം: കാട്ടുകല്ലുകളും കുമ്മായവും, തേക്ക്, ഈട്ടി തുടങ്ങിയ തടികളും ഓടും ഉപയോഗിച്ചാണ് യൂറോപ്യൻ വാസ്‌തു ശിൽപ ചാരുതയോട് കൂടി ഈ ദേവാലയം പണികഴിപ്പിച്ചിരിക്കുന്നത്. നിർമാണ ചെലവ് 800 രൂപ മാത്രമായിരുന്നു എന്നത് ഇക്കാലത്ത് അതിശയമാണെങ്കിലും അക്കാലത്ത് അതൊരു വലിയ തുകയായിരുന്നു.
തുടക്കത്തിൽ പള്ളിയിലേക്കുള്ള പ്രവേശനം വിദേശികൾക്ക് മാത്രമായിരുന്നു. കുർബാനയും തിരുകർമങ്ങളും നടന്നിരുന്നത് ഇംഗ്ലീഷിലായിരുന്നു. തുടർന്ന് വർഷങ്ങൾക്ക് ശേഷം മലയാളത്തിലും തമിഴിലും ആരാധന കർമം നടക്കുകയും പള്ളിയിലേക്കുള്ള പ്രവേശനം മുഴുവൻ ആളുകൾക്കുമായി ഏർപ്പെടുത്തുകയും ചെയ്‌തു.
ഡൗണിയുടെ കല്ലറ: 34 വിദേശീയരെ അടക്കം ചെയ്‌തിരിക്കുന്ന ഇവിടത്തെ സെമിത്തേരിയിൽ ഒരു കുതിരയേയും അടക്കം ചെയ്‌തിട്ടുണ്ട് എന്നത് ഏറെ കൗതുകമുണർത്തുന്ന കാര്യമാണ്. ബ്രിട്ടീഷുകാരനായ ജെ.ഡി മാൺറോയുടെ സന്തത സഹചാരിയായിരുന്ന ഡൗണി എന്ന പേരുള്ള വെളുത്ത പെൺ കുതിരയെയാണ് ഇവിടെ അടക്കം ചെയ്‌തിട്ടുള്ളത്.
തങ്ങളുടെ പൂര്‍വികര്‍ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരിയും ഇവര്‍ ആരാധന നടത്തിവന്നിരുന്ന ദേവാലയവും സന്ദര്‍ശിക്കാന്‍ ഇന്നും വിദേശത്തു നിന്ന് കുടുംബാംഗങ്ങള്‍ എത്താറുണ്ട്. സൈപ്രസ് മരങ്ങളുടെ ഇടയിൽ ഇന്നും അനുഭൂതി പകർന്ന് നിലകൊള്ളുന്ന ഈ ദേവാലയത്തിന്‍റെ മനോഹാരിത നിരവധി മലയാള ചലചിത്രങ്ങളുടേയും ഭാഗമായിട്ടുണ്ട്.