ഇടുക്കി : ഇടുക്കിയുടെ ആരോഗ്യ രംഗത്തിന് കരുത്ത് പകര്‍ന്ന് 108 ആംബുലന്‍സ് സര്‍വ്വീസുകള്‍ രംഗത്ത്.അടിയന്തര സാഹചര്യങ്ങളില്‍ പ്രയോജനപ്പെടുത്തുവാനായി സംസ്ഥാനതൊട്ടാകെ അനുവദിച്ച 300 ആംബുലന്‍സുകളില്‍ 15 എണ്ണം ഇടുക്കിയില്‍ സര്‍വ്വീസ് നടത്തും. റോഡപകടങ്ങളോ മറ്റെന്തെങ്കിലും അടിയന്തര സാഹചര്യമോ ഉണ്ടായാല്‍ ആളുകളെ ചികിത്സക്കായി ഏറ്റവും അടുത്ത ആശുപത്രിയില്‍ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആവശ്യമുള്ള ആര്‍ക്കും 108-ല്‍ വിളിച്ച് സഹായമഭ്യര്‍ത്ഥിക്കാം. മൂന്ന് മിനിറ്റിനുള്ളില്‍ ആംബുലന്‍സ് സംഭവസ്ഥലത്തേക്ക് പുറപ്പെടുമെന്ന് അടിമാലി താലൂക്കാശുപത്രി സൂപ്രണ്ട് ഡോ പ്രസീത പറഞ്ഞു.
ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വ്വീസിന് കീഴിലാണ് ആംബുലന്‍സുകളുടെ സൗജന്യ സര്‍വ്വീസുകള്‍ നടക്കുന്നത് കൂടാതെ അവരുടെ കീഴിലുള്ള കോള്‍ സെന്ററുകള് മുഖേനയാണ് ആംബുലന്‍സുകളുടെ ക്രമീകരണവും നടക്കുന്നത്. രണ്ട് ജീവനക്കാരുടെ സേവനമാണ് ആംബുലന്‍സില്‍ ലഭ്യമാക്കിയിട്ടുള്ളത്. ഇടുക്കി ജില്ലാ ആശുപത്രിക്ക് പുറമെ കാഞ്ചിയാര്‍, കാന്തല്ലൂര്‍, കോടിക്കുളം, വട്ടവട,കട്ടപ്പന,വണ്ടിപ്പെരിയാര്‍, ചക്കുപള്ളം, മൂന്നാര്‍, അടിമാലി, ചിന്നക്കനാല്‍, കൊന്നത്തടി, പെരുവന്താനം, നെടുങ്കണ്ടം, തൊടുപുഴ എന്നിവിടങ്ങളിലും 108 ആംബുലന്‍സ് സര്‍വ്വീസുകള്‍ നടത്തും.