ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രചരണ പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിലെത്തും. തെരഞ്ഞെടുപ്പ് ഒരുക്കത്തിന്‍റെ ഭാഗമായുള്ള യോഗത്തിൽ പങ്കെടുക്കാനാണ് ആദിത്യനാഥ് പത്തനംതിട്ടയിലെത്തുന്നത്.
പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്റ്ററിലാണ് യോഗി ആദിത്യനാഥ് എത്തുന്നത്. വൈകിട്ട് പത്തനംതിട്ടയിൽ രണ്ട് യോഗങ്ങളിലും യോഗി പങ്കെടുക്കും. നാല് ലോക്സഭാ മണ്ഡലങ്ങളിലെ ചുമതലക്കാരുടെ യോഗത്തിലാണ് അദ്ദേഹം സംസാരിക്കുക. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിലെ ചുമതലക്കാരുടെ യോഗത്തിലാണ് യോഗി ആദിത്യനാഥ് ആദ്യം സംബന്ധിക്കുക. തുടർന്ന് പത്തനംതിട്ട മണ്ഡലത്തിലെ ബൂത്തുതല ഭാരവാഹികളെ അഭിസംബോധന ചെയ്യും.
ശബരിമല വിവാദത്തിൽ പത്തനംതിട്ടയിൽ ബിജെപിയുടെ സംഘടനാ പ്രവർത്തനങ്ങളുടെ ശാക്തീകരണം കൂടി ലക്ഷ്യമിട്ടാണ് ആദിത്യനാഥിനെ കേരളത്തിലെത്തിക്കുന്നത്. 22 ന് പാലക്കാട് ചേരുന്ന മറ്റ് നാല് മണ്ഡലങ്ങളിലെ ചുമതലക്കാരുടെ യോഗത്തിൽ ദേശീയ അധ്യക്ഷൻ അമിത് ഷാ സംബന്ധിക്കും. 28ന് ബൂത്തുതല ഭാരവാഹികളോട് പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് വഴി സംസാരിക്കും. പരമാവധി ദേശീയ നേതാക്കളെ സംസ്ഥാനത്തെത്തിച്ച് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ബിജെപി തീരുമാനം.