കൊച്ചി: കായല്‍ കയ്യേറ്റം സംബന്ധിച്ച് തനിക്കും ബന്ധുക്കള്‍ക്കുമെതിരായ വിജിലന്‍സ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കുന്നതായി തോമസ് ചാണ്ടി.
കേസില്‍ ജഡ്ജി വിധി പറയാനിരിക്കെയാണ് ചാണ്ടി പിന്മാറുന്നത്. തിങ്കളാഴ്ച ഹര്‍ജികള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കുമെന്നും ചാണ്ടിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. അഞ്ച് ഹര്‍ജികളാണ് പിന്‍വലിക്കുന്നത്. ജസ്റ്റിസ് സുധീന്ദ്ര കുമാർ ആണ് കേസില്‍ വിധി പറയാനിരുന്നത്.
കായല്‍ കയ്യേറ്റക്കേസിലെ ഹൈക്കോടതി വിധിക്കെതിരെ മുന്‍മന്ത്രി തോമസ് ചാണ്ടി 2017 നവംബറിലാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും ഒപ്പം തന്‍റെ പേര് പരാമര്‍ശിച്ചു കൊണ്ടുള്ള കളക്ടറുടെ റിപ്പോര്‍ട്ടും അതിന്‍റെ ഭാഗമായ തുടര്‍നടപടികളും സ്റ്റേ ചെയ്യണമെന്നാണ് അപ്പീലില്‍ തോമസ് ചാണ്ടി ആവശ്യപ്പെട്ടിരുന്നത്.