ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തെ അഖിലേന്ത്യാ ശ്രദ്ധയിലേക്ക് ഉയർത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിലേക്ക്. വയനാട്ടിൽ മത്സരിക്കണമെന്ന സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൻ്റെ ആവശ്യം രാഹുൽഗാന്ധിയുടെ സജീവ പരിഗണനയിലെന്ന് എ.ഐ.സിസി നേതൃത്വം വ്യക്തമാക്കി. വയനാട്ടിൽ സ്ഥാനാർഥിത്വം ലഭിച്ച് പ്രചരണം ആരംഭിച്ച കോൺഗ്രസ് സ്ഥാനാർത്ഥി ടി.സിദ്ദിഖ് താൻ രാഹുൽ ഗാന്ധിക്ക് വേണ്ടി പിന്മാറുന്നതായി പ്രഖ്യാപിച്ചു.
രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണിയും സ്വാഗതം ചെയ്തു. സ്ഥിരം മണ്ഡലമായ അമേഠിയിൽ രാഹുൽ ഗാന്ധി ബിജെപിയിൽ നിന്ന് കടുത്ത മത്സരം നേരിടുന്നതിനാൽ രണ്ടാമതൊരു മണ്ഡലത്തിൽ കൂടി മത്സരിക്കണമെന്ന ആലോചന ഐസിസി നേതൃത്വത്തിൽ ഉണ്ടായിരുന്നു. കോൺഗ്രസ് ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന ദക്ഷിണേന്ത്യയിൽ മത്സരിക്കണമെന്ന ആലോചനകളാണ് ഐസിസി ഉണ്ടായിരുന്നത്. സുരക്ഷിത മണ്ഡലമെന്ന നിലയിൽ വയനാട്ടിലേക്ക് വരാൻ കഴിഞ്ഞ ആഴ്ചയിൽ നടന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമേഠി ഉപേക്ഷിച്ച് എങ്ങോട്ടുമില്ലെന്ന നിലപാടിൽ നിന്നാണ് രാഹുൽ ഗാന്ധി വയനാട് തിരഞ്ഞെടുക്കുന്നത്.