എറണാകുളം: അനധികൃത സ്വത്ത് സമ്പാദനത്തിന്‍റെ പേരില്‍ പുറത്താക്കിയ സക്കീർ ഹുസൈനെ സിപിഎമ്മിൽ തിരിച്ചെടുത്തു. വ്യാഴാഴ്‌ച ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. പാർട്ടി അംഗം എന്നുള്ള നിലയിലാണ് തിരിച്ചെടുത്തത്. സക്കീർ ഹുസൈനെ പാർട്ടിയുടെ ഏത് ഘടകത്തിൽ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന കാര്യത്തിൽ തീരുമാനമായില്ല. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കളമശ്ശേരി ഏരിയ സെക്രട്ടറിയായ സക്കീർ ഹുസൈനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്‌തത്.
സക്കീർ ഹുസൈനെതിരെ ഒരു പ്രാദേശികനേതാവ് നൽകിയ പരാതിയിലായിരുന്നു സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. സക്കീർ ഹുസൈനെതിരെ ഗുരുതരമായ വീഴ്‌ചകൾ ചൂണ്ടിക്കാണിച്ച് അന്വേഷണ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സക്കീർ ഹുസൈൻ വൻതോതിൽ സ്വത്ത് സമ്പാദനം നടത്തുകയും പാർട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിദേശ യാത്ര നടത്തുകയും ചെയ്‌തു. ദുബായിലേക്കെന്ന് പറഞ്ഞ് ബാങ്കോക്കിലേക്ക് യാത്ര ചെയ്‌തു. പത്തുവർഷത്തിനുളളിൽ നാല് വീടുകൾ കളമശേരി മേഖലയിൽ വാങ്ങിയെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഇത് അംഗീകരിച്ചായിരുന്നു സക്കീർ ഹുസൈനെതിരെ പരമാവധി ശിക്ഷാ നടപടി തന്നെ നല്‍കിയത്.
അതേസമയം കളമശ്ശേരിയിലെ പാർട്ടിയുടെ ശക്തിക്ക് പിന്നിലെ പ്രധാന ഘടകം സക്കീർ ഹുസൈനായിരുന്നു. അദ്ദേഹത്തെ മാറ്റി നിർത്തുന്നത് പാർട്ടിയെ ക്ഷീണിപ്പിക്കുമെന്നായിരുന്നു പ്രദേശികമായി പാർട്ടി അണികളുടെ അഭിപ്രായം. അതേസമയം തന്നെ തകർക്കാൻ പാർട്ടി വിരുദ്ധരായ ഒരു കൂട്ടം ആളുകൾ വ്യാജ പ്രചാരണം നടത്തുകയാണെന്ന് സക്കീർ ഹുസൈൻ വ്യക്തമാക്കിയിരുന്നു. സക്കീര്‍ ഹുസൈന്‍ പാർട്ടി അച്ചടക്ക നടപടി അംഗീകരിക്കുകയും പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്‌തിരുന്നു.