എറണാകുളം: കാക്കനാട്ടെ ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ വിഷബാധയേറ്റെന്ന് സംശയിക്കുന്ന യുവാവ് മരിച്ചു. കോട്ടയം സ്വദേശിയായ രാഹുൽ (23) ആണ് ഗുരുതരാവസ്ഥയില്‍ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ആന്തരികാവയവങ്ങളിലുണ്ടായ അണുബാധയാണ് മരണകാരണം.
ഇതിനിടയാക്കിയത് ഭക്ഷ്യ വിഷബാധയാണോയെന്ന് രക്തപരിശോധനയിലൂടെയാണ് സ്ഥിരീകരിക്കേണ്ടത്. രോഗി മരണപ്പെട്ട സാഹചര്യത്തിൽ പോസ്‌റ്റ്‌മോർട്ടത്തിലൂടെ മാത്രമേ യഥാർത്ഥ മരണകാരണം കണ്ടെത്താൻ കഴിയുകയുള്ളു.
അന്വേഷണവുമായി പൊലീസ്: യുവാവിന്‍റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണെന്നും വെന്‍ലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും ആശുപത്രി അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മാത്രമല്ല യുവാവിന്‍റെ ബന്ധുക്കളുടെ പരാതിയില്‍ തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടല്‍ പൂട്ടിച്ചിരുന്നു. കൂടാതെ തൃക്കാക്കര പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
കാക്കനാട്ടെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയായ രാഹുൽ കഴിഞ്ഞ 18 നാണ് കാക്കനാട് മാവേലിപുരത്തെ ലേ ഹയാത്ത് ഹോട്ടലില്‍ നിന്ന് ഷവര്‍മ വാങ്ങി കഴിച്ചത്. ഓണ്‍ലൈനായി വാങ്ങിയാണ് ഇയാള്‍ ഷവര്‍മ കഴിച്ചത്. തുടര്‍ന്ന് ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായതിനെത്തുടര്‍ന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ യുവാവിനെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി ഭക്ഷ്യ സാംപിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഭക്ഷ്യസുരക്ഷ വിഭാഗം വിശദമായ പരിശോധന നടത്തുമെന്ന് നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വ്യക്തമാക്കിയിരുന്നു.