എറണാകുളം: ഇന്ധന സെസ് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കൊച്ചിയിൽ മുഖ്യമന്ത്രിയെ വിടാതെ പിന്തുടർന്ന് യൂത്ത് കോൺഗ്രസ്. ഇന്ന് രാവിലെ അങ്കമാലിയിലും വൈകിട്ട് കളമശേരിയിലുമാണ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയത്. ഒരു വനിത ഉൾപ്പടെ അഞ്ച് പ്രവർത്തകരാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ പ്രതിഷേധിച്ചത്.
പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. അതേസമയം, വനിത പ്രവർത്തകയെ പുരുഷ പൊലീസ് പിടിച്ചുമാറ്റിയെന്ന് ആരോപിച്ച്, ഡിസിസി പ്രസിഡന്‍റ് ഷിയാസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. കെഎസ്‌യു വനിത നേതാവിനെ ഒരുപറ്റം പുരുഷ പൊലീസുമാർ കയറിപ്പിടിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സ്‌പർശിക്കുകയും വളരെ മോശമായി പെരുമാറുകയും ചെയ്‌തുവെന്നും പരാതിയിൽ ആരോപിക്കുന്നു. കളമശേരി സിഐ പിആർ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസുകാര്‍ക്കെതിരെയാണ് പരാതി.
'നടപടി പൊലീസ് മാനുവലിന് വിരുദ്ധം': പൊലീസിന്‍റെ ഭാഗത്തുണ്ടായ ഈ പ്രവർത്തനം സ്ത്രീകൾക്കെതിരെയുള്ള ആക്രമണമായി കണക്കാക്കണം. സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട പൊലീസ് മാനുവലിന് വിരുദ്ധമായി പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായും നിയമപരമായും അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്ന് പരാതിയിയിൽ ആവശ്യപ്പെടുന്നു. കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ പൊലീസ് കസ്റ്റഡിയിലാണ്.
സംസ്ഥാന സർക്കാർ ബജറ്റിൽ, ഇന്ധന സെസ് പ്രഖ്യാപിച്ചതിന് ശേഷം ഇത് നാലാം തവണയാണ് കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയ്‌ക്കെതിരെ കരിങ്കൊടി കാണിക്കുന്നത്. ഇന്ധന സെസ് പ്രഖ്യാപനത്തിന് പിന്നാലെ ആലുവയിലും, എറണാകുളം ഗസ്റ്റ് ഹൗസിന് മുന്‍പിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചിരുന്നു.