എറണാകുളം: മുംബൈയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനയാത്രയിൽ സഹയാത്രികൻ അപമര്യാദയോടെ പെരുമാറിയതായി യുവ നടിയുടെ പരാതി (Passenger misbehaved in flight to actress). നെടുമ്പാശ്ശേരി പൊലീസിലാണ് നടി ഇമെയിൽ വഴി പരാതി നൽകിയത്. ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും പരാതിയിൽ നടി അവശ്യപ്പെട്ടു. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ നൽകാൻ തയ്യാറാണെന്നും പരാതിയിലുണ്ട്.
12C സീറ്റിൽ ഇരുന്ന ഒരു യാത്രക്കാരൻ സീറ്റിന്റെ സ്ഥാനം സംബന്ധിച്ച് യുക്തിയില്ലാതെ തർക്കം ആരംഭിക്കുകയും അപമര്യാദയോടെ പെരുമാറുകയും, ശരീരത്തിൽ സ്പർശിച്ചതായും പരാതിയിൽ ആരോപിക്കുന്നു. മുംബൈ- കൊച്ചി എയർ ഇന്ത്യ വിമാനത്തിന്റെ യാത്രാ രേഖകൾ ഉൾപ്പെടെ പരാതിയോടൊപ്പം നടി സമർപ്പിച്ചിട്ടുണ്ട്. അതേ സമയം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും സംഭവത്തിൽ പൊലീസ് കേസെടുക്കുക.
സമൂഹ മാധ്യമത്തിലുടെ നടി തന്നെയാണ് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യയുടെ എ ഐ 681 വിമാനത്തില് ഞാൻ അഭിമുഖീകരിച്ച അസ്വസ്ഥജനകമായ ഒരു സംഭവം ശ്രദ്ധയിൽപ്പെടുത്തുകയാണ്, നിങ്ങളുടെ പിന്തുണ ആവശ്യമാണന്നും നടി ആവശ്യപ്പെട്ടു. മദ്യപിച്ചെത്തിയ ഒരു സഹയാത്രികൻ വിമാനയാത്രക്കിടെ തന്നെ ശല്യപ്പെടുത്തിയതായി നടി ആരോപിച്ചു.
യാത്രക്കിടെ തന്നെ സംഭവം എയർ ഹോസ്റ്റസിനോട് റിപ്പോർട്ട് ചെയ്തിട്ടും, ടേക്ക്ഓഫിന് തൊട്ടുമുമ്പ് എന്നെ മറ്റൊരു സീറ്റിലേക്ക് സ്ഥലം മാറ്റുക മാത്രമാണ് അവർ ചെയ്തത്. കൊച്ചി എയർപോർട്ടിൽ ഇറങ്ങിയ ശേഷം പ്രശ്നം എയർപോർട്ട് അധികൃതരെയും എയർലൈൻ അധികൃതരെയും അറിയിക്കുകയും അവർ തന്നെ എയർപോർട്ടിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ പരാതി നൽകാൻ നിർദേശിക്കുകയായിരുന്നു. ഈ വിഷയം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസിന് പരാതി നൽകുകയും ചെയ്തു.
യാത്രക്കാരുടെ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയും, ഉചിതമായ നടപടികൾ കൈക്കൊള്ളാൻ അധികാരികളെ പ്രേരിപ്പിക്കുകയും ചെയ്യാൻ നിങ്ങളുടെ പിന്തുണ ആവശ്യമാണെന്നും സമൂഹ മാധ്യമ പോസ്റ്റിൽ നടി വ്യക്തമാക്കി. നിരവധിയാളുകളാണ് നടിക്ക് പിന്തുണയുമായെത്തിയത്.
വിമാനത്തിൽ സഹയാത്രികയ്ക്കുനേരെ ലൈംഗികാതിക്രമം: വിമാനത്തിൽ സഹയാത്രികയായ വനിതയെ പീഡിപ്പിച്ചെന്ന പരാതിയിൽ 32 കാരൻ അറസ്റ്റിൽ. പൂനെ കോണ്ട്വാ സ്വദേശിയായ എൻജിനീയർ ഫിറോസ് ഷെയ്ഖാണ് സോനെഗാവ് പൊലീസിൻ്റെ പിടിയിലായത്. തിങ്കളാഴ്ച പൂനെ-നാഗ്പൂർ വിമാനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചന്ദ്രാപൂർ നിവാസിയായ 40 കാരിയായ വനിത തൻ്റെ പിതാവിൻ്റെ അന്ത്യകർമങ്ങൾ നിർവഹിക്കുന്നതിനായി നാഗ്പൂരിലേക്ക് പോവുകയായിരുന്നുവെന്ന് സോനെഗാവ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസിൽ അറിയിക്കുന്നതിന് മുമ്പ് തന്നെ വിമാനത്തിലുണ്ടായിരുന്ന സെൻട്രൽ ഇൻഡസ്ട്രിയൽ സിഐഎസ്എഫ് ജവാൻ ഇടപെട്ട് ഫിറോസ് ഷെയ്ഖിനെ പുറത്തിറങ്ങുന്നതിൽ നിന്ന് തടഞ്ഞിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം 354, 354 (എ),509 എന്നീ വകുപ്പുകൾ ചുമത്തിയാണ് ഫിറോസ് ഷെയ്ഖിനെതിരെ കേസെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ALSO READ: വിമാന ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി; ബാംഗ്ലൂരിൽ മലയാളി അറസ്റ്റിൽ