എറണാകുളം: നഗരസഭ ജീവനക്കാരനെ കൗൺസിലർ മർദിച്ചതിൽ പ്രതിഷേധിച്ച് കോതമംഗലം നഗരസഭ ഓഫീസിന് മുന്നിൽ വർക്കേഴ്സ് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ഹൈക്കോടതി ഉത്തരവ് പ്രകാരം മുനിസിപ്പൽ പരിധിയിൽ അനധികൃതമായി ഫ്ലക്സുകളും, കൊടിത്തോരണങ്ങളും ഉപയോഗിക്കാൻ പാടില്ലെന്ന ഉത്തരവുണ്ട്. ഇത് ലംഘിച്ച് സ്ഥാപിച്ച ഫ്ലക്സുകൾ നീക്കം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ഡി വൈ എഫ് ഐ യുടെ പ്രകടനജാഥയുടെ ഫ്ലക്സ് മുന്‍സിപ്പാലിറ്റിയിലെ കോൺഗ്രസ് കൗൺസിലർമാരുടെ ഒത്താശയോടെ കോൺഗ്രസ് അനുഭാവ ശുചീകരണ തൊഴിലാളികൾ നീക്കം ചെയ്തുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇത് ഇടതുപക്ഷ കൗൺസിലർമാർ നഗരസഭയില്‍ ചോദ്യം ചെയ്യുകയും തുടർന്ന് ഇടതുപക്ഷ കൗൺസിലർ ശുചീകരണ തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് തൊഴിലാളികളുടെ വിശദീകരണം.
തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നേരെ കൗൺസിലർമാർ രാഷ്ടീയം നോക്കി ഉപദ്രവിക്കുന്ന നിലപാട് ശരിയല്ലന്നും കോടതി വിധിയെ സിപിഎം കൗൺസിലർമാർ വെല്ലുവിളിക്കുകയാണെന്നും പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബി സി ആന്റണി ബാബു പറഞ്ഞു. നിയമം നടപ്പാക്കിയ തൊഴിലാളിയെ മർദ്ദിച്ച കൗൺസിലർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ മർദിച്ചെന്ന ആരോപണം തെറ്റാണെന്നും വാക്ക് തർക്കം മാത്രമാണ് ഉണ്ടായതെന്നും കൗൺസിലർ തോമസ് പറഞ്ഞു .