എറണാകുളം: ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിക്ക് നേരെ അജ്ഞാതന്‍റെ ആക്രമണവും കവര്‍ച്ചയും. മുളന്തുരുത്തി സ്വദേശിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. യുവതിയെ ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ ഊരി വാങ്ങിയ ശേഷം ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ കാഞ്ഞിരമറ്റം ഭാഗത്ത് വച്ച് യുവതി ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടി. വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റ യുവതിയെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജോലിക്കായി ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന കാഞ്ഞിരമറ്റം സ്വദേശി രാവിലെ 10 മണിയോടെയാണ് ആക്രമിക്കപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ ട്രെയിന്‍ കമ്പാർട്ട്‌മെന്‍റിൽ മാറ്റാരുമുണ്ടായിരുന്നില്ല. ബോഗിയുടെ രണ്ട് വാതിലുകളും അടച്ചിട്ട ശേഷം അക്രമി യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ആഭരണങ്ങൾ അഴിച്ചു വാങ്ങിയത്. പിന്നാലെ ഉപദ്രവിക്കാനുള്ള ശ്രമവും ആരംഭിച്ചതോടെയാണ് യുവതി പുറത്തേക്ക് ചാടിയത്. വേഗത കുറഞ്ഞ ട്രെയിനിൽ അല്‍പ്പനേരം തൂങ്ങിക്കിടന്ന ശേഷം ആണ് യുവതി തെറിച്ചു വീണത്. പ്രതിക്കായി അന്വേഷണം തുടരുകയാണ് എന്ന് പൊലീസ് വ്യക്തമാക്കി.