എറണാകുളം : യുവതിയെ കുത്തിക്കൊലപ്പെടുത്തി സുഹൃത്ത്. കൊച്ചി നഗരത്തില്‍ ഇന്നലെ (ഓഗസ്റ്റ് 09) രാത്രിയിലാണ് സംഭവം. കോട്ടയം ചങ്ങനാശ്ശേരി സ്വദേശി രേഷ്‌മയാണ് സുഹൃത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ബാലുശ്ശേരി സ്വദേശി നൗഷിദ് പിടിയില്‍.
കലൂരിൽ ഓയോ റും കെയർ ടേക്കറായി ജോലി ചെയ്‌ത് വരികയായിരുന്ന പ്രതി നൗഷിദും ലാബ് അറ്റന്‍ററായ രേഷ്‌മയും തമ്മിൽ സൗഹൃദത്തിലായിരുന്നു. നൗഷിദ് രേഷ്‌മയെ കലൂരിലെ റൂമിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും നൗഷിദ് കത്തിയെടുത്ത് രേഷ്‌മയുടെ കഴുത്തിൽ കുത്തുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
ബഹളം കേട്ട് ഓടിയെത്തിയ ഹോട്ടല്‍ ജീവനക്കാരും പൊലീസും ചേർന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സമയം കെയർ ടേക്കറായ നൗഷിദും ഇവരോടൊപ്പമുണ്ടായിരുന്നു. തുടർന്ന് സംശയം തോന്നി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതോടെയാണ് നൗഷിദാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായത്.
എറണാകുളം നോർത്ത് പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം യുവതിയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിൽ നിന്നും എറണാകുളം ജനറൽ ആശുപത്രിയിലേക് മാറ്റും. പോസ്റ്റ്‌മോർട്ടം നടപടികള്‍ ഉൾപ്പടെ പൂർത്തിയാക്കിയ ശേഷമാകും യുവതിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനല്‍കുക. പിടിയിലായ നൗഷിദിനെ പൊലീസ് ഇന്ന് (ഓഗസ്റ്റ് 10) മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
Also Read : Kollam Murder | യുവതിയെ കായലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് : ഭർത്താവ് 8 വർഷങ്ങൾക്ക് ശേഷം പിടിയിൽ
അങ്കമാലിയില്‍ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ടു: ഇക്കഴിഞ്ഞ ജൂലൈയില്‍ അങ്കമാലിയില്‍ വച്ച് തമിഴ്‌നാട് സ്വദേശിയായ കണ്ണന്‍ എന്ന അന്‍പതുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ജൂലൈ 13നായിരുന്നു ഇയാള്‍ മരിച്ചത്. തുടക്കത്തില്‍ അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്‌തായിരുന്നു പൊലീസിന്‍റെ അന്വേഷണം.
മരിച്ച കണ്ണന്‍റെ മൃതദേഹത്തില്‍ കാര്യമായ പരിക്കുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയോട്ടി പൊട്ടിയത് കൊണ്ടാണ് ഇയാള്‍ക്ക് മരണം സംഭവിച്ചതെന്ന് വ്യക്തമാക്കിയിരുന്നു. ശക്തമായി ഭിത്തിയിലോ തറയിലോ ഇടിച്ചലുണ്ടാകുന്ന തരത്തിലുള്ള മുറിവായിരുന്നു കണ്ണന്‍റെ തലയിലുണ്ടായിരുന്നതെന്നുമുള്ള വിവരമാണ് പൊലീസ് പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും ലഭിച്ചത്.
ഇതിന് പിന്നാലെയാണ് പൊലീസ് കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയത്. ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്‌ടര്‍ വി ലാല്‍ കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വിശദമായ അന്വേഷണത്തില്‍ കണ്ണന്‍റെ മരണസമയത്ത് ഇയാള്‍ക്കൊപ്പം രണ്ട് പേര്‍ ഉണ്ടായിരുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചു.
ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോഴായിരുന്നു കണ്ണന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. പിന്നാലെ നാഗമണി (42), അരവിന്ദന്‍ (59) എന്നീ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് ഇരുവരും കണ്ണനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന് നല്‍കിയ മൊഴി.