എറണാകുളം: അന്തരിച്ച മുൻ എംഎൽഎ സൈമൺ ബ്രിട്ടോയുടെ വീട് പൊലീസ് കുത്തിത്തുറന്നതായി പരാതി. വീട്ടിൽ സൂക്ഷിച്ച സ്വർണാഭരണം നഷ്‌ടമായെന്നും ഭാര്യ സീനാ ഭാസ്‌കര്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നല്‍കി. സൈമൺ ബ്രിട്ടോയുടെ മരണശേഷം ഭാര്യ സീനയും മകളും ജോലിയാവശ്യാർത്ഥം ഡൽഹിയിലായിരുന്നു താമസിച്ചിരുന്നത്.
ഈ വീട് ആലപ്പുഴ സ്വദേശിയായ വിഷ്‌ണുവെന്ന ഒരാൾക്ക് ബ്രോക്കർ വഴി വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്‌ച ഞാറയ്ക്കൽ പൊലീസ് എന്ന് അറിയിച്ച് ഒരു സംഘം പൊലീസുകാർ വീട്ടിലെത്തുകയും പൂട്ട് പൊളിച്ച് വീട്ടിൽ കയറി പരിശോധന നടത്തുകയായിരുന്നു. ഒരു കേസിലെ പ്രതി ഈ വീട്ടിൽ ഒളിച്ചിരിപ്പുണ്ടെന്ന കാരണം പറഞ്ഞായിരുന്നു പൊലീസ് അതിക്രമം നടത്തിയതെന്നും സീന ഭാസ്ക്കർ പരാതിയിൽ വ്യക്തമാക്കി.
തന്നോട് പൂർവ്വ വൈരാഗ്യമുള്ള അയൽവാസിയാണ് ഇതിന് പിന്നിലെന്നും അവർ ആരോപിച്ചു. വീട്ടുടമയായ തന്നെയോ, സമീപത്തുള്ള ഭർത്താവിന്‍റെ സഹോദരനെയോ അറിയിക്കാതെയാണ് പൊലീസ് നടപടിയെന്നും പരാതിയിലുണ്ട്. ബ്രിട്ടോയ്ക്ക് ലഭിച്ച അമൂല്യമായ അവാർഡുകളും, മൊമന്‍റോകളും വാരിവലിച്ചിട്ട നിലയിലും, വീട്ടിൽ സൂക്ഷിച്ച സ്വർണം നഷ്‌ടപ്പെട്ട സംഭവത്തിലും, വീട് കുത്തി തുറന്ന് കേടുപാട് വരുത്തിയതിലും ശക്തമായ നടപടി സ്വീകരിക്കണം.
ഞാറയ്ക്കൽ സ്റ്റേഷനിലെ പൊലീസുകാർ ഈ സംഭവത്തിൽ ഉൾപ്പെട്ടുവെങ്കിൽ അവർക്കെതിരെയും ഈ സംഭവങ്ങൾക്ക് കാരണക്കാരനായ, ഇതിന് മുമ്പും തന്നോട് അപമര്യാദയായി പെരുമാറിയ മാവേലി ഹിലാരിയെന്ന അയൽവാസിക്കെതിരെയും നടപടിയെടുക്കണമെന്നും സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ സീന ആവശ്യപ്പെട്ടു.