കളമശ്ശേരി യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനാ യോഗത്തില്‍ നടന്ന സ്‌ഫോടനം ദേശീയതലത്തിൽ ഉൾപ്പടെ ചർച്ചയാവുകയാണ്. നിലവിൽ സംസ്ഥാനത്താകെ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഇന്ന് (ഒക്‌ടോബർ 29) രാവിലെ 9:30 ഓടെയാണ് കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിൽ പൊട്ടിത്തെറി നടന്നത്. ആരാണ് യഥാർഥത്തിൽ യഹോവ സാക്ഷികള്‍?
മുഖ്യധാരാ ക്രൈസ്‌തവരില്‍ നിന്ന് വ്യത്യസ്‌തമായി വിശ്വാസങ്ങള്‍ പിന്തുടരുന്ന രാജ്യാന്തര ക്രിസ്‌തീയ മതവിഭാഗമാണ് 'യഹോവയുടെ സാക്ഷികള്‍'. ലോകത്താകെ രണ്ടു കോടിയോളം വിശ്വാസികള്‍ ഉളളതായാണ് കണക്കാക്കപ്പെടുന്നത്. 1876ൽ ചാള്‍സ് ടെയ്‌സ് റസല്‍ എന്ന അമേരിക്കന്‍ ബൈബിള്‍ ഗവേഷകന്‍ സ്ഥാപിച്ച "ബൈബിള്‍ വിദ്യാര്‍ഥികള്‍" എന്ന നിഷ്‌പക്ഷ ബൈബിള്‍ പഠന സംഘടന പില്‍ക്കാലത്ത് യഹോവാ സാക്ഷികളായി രൂപം പ്രാപിക്കുകയായിരുന്നു.
യഹോവ സാക്ഷികളുടെ വിശ്വാസം: യഹോവ മാത്രമാണ് ദൈവം എന്ന് വിശ്വസിക്കുന്ന വിഭാഗമാണ് ഇവര്‍. മറ്റ് ക്രൈസ്‌തവ സഭകള്‍ ത്രിയേക ദൈവത്തില്‍ വിശ്വസിക്കുമ്പോള്‍ യഹോവ സാക്ഷികള്‍ യേശു ദൈവമല്ല എന്ന് തന്നെ വിശ്വസിക്കുന്നു. യേശുവിനെ ഇവര്‍ ദൈവ പുത്രനായി അംഗീകരിക്കുന്നു.
സ്വര്‍ഗത്തില്‍ നിന്നും ഭരിക്കുന്ന ദൈവരാജ്യം വൈകാതെ ഭൂമിയിലെ ദൈവോദ്ദേശ്യം നിറവേറ്റുമെന്ന് ഇവര്‍ വിശ്വസിക്കുന്നു. യഹോവ ദുഷ്‌ടന്മാരെ മുഴുവന്‍ നശിപ്പിച്ച ശേഷം നീതിമാന്മാരായവര്‍ക്ക് മരണമോ രോഗമോ വാര്‍ധക്യമോ ഇല്ലാത്ത ജീവിതം പ്രദാനം ചെയ്യുമെന്ന് ഇവര്‍ വിശ്വസിക്കുന്നു. മരിച്ചു പോയ നല്ലവരായ ആളുകളെ യഹോവ പുനര്‍ജനിപ്പിക്കുമെന്നും ഈ വിഭാഗക്കാര്‍ കരുതുന്നു. കുരിശോ വിഗ്രഹങ്ങളോ മറ്റു ചിഹ്നങ്ങളോ ഇവരുടെ ആരാധനകളില്‍ ഉപയോഗിക്കാറില്ല.
ബൈബിളിനെ മാത്രം അടിസ്ഥാനപ്പെടുത്തിയുളളതാണ് ഇവരുടെ വിശ്വാസം. മുഴു ബൈബിളിനെ അംഗീകരിക്കുന്നവരാണെങ്കിലും ഇവർ മൗലികവാദികളല്ല. ബൈബിളിന്റെ പല ഭാഗങ്ങളും ആലങ്കാരിക ഭാഷയിലോ പ്രതീകങ്ങൾ ഉപയോഗിച്ചോ ആണ് എഴുതിയിരിക്കുന്നതെന്നും അവ അക്ഷരാർഥത്തിൽ മനസിലാക്കേണ്ടവയല്ലെന്നും അവർ പറയുന്നു.
ഈ മത വിഭാഗത്തില്‍പെടുന്നവര്‍ കേരളത്തില്‍ സുവിശേഷ പ്രചാരത്തിന് എത്തിയത് 1905 ലാണ്. 1911 ല്‍ ആദ്യകാല പ്രചാരകന്‍ ടി സി റസല്‍ തിരുവന്തപുരം ജില്ലയില്‍ പ്രസംഗിച്ച സ്ഥലം റസല്‍പുരം എന്നാണ് അറിയപ്പെടുന്നത്. കേരളത്തിൽ പതിനയ്യായിരത്തിൽ ഏറെ യഹോവ സാക്ഷികളുണ്ടെന്നാണ് കണക്കുകൾ. ഇവര്‍ ക്രിസ്‌മസ്, ഈസ്റ്റര്‍, ജന്മദിനം എന്നിവ ആഘോഷിക്കാറില്ല.
രാഷ്‌ട്രീയമായി നിഷ്‌പക്ഷരായിരിക്കാനും ദേശീയ പതാകയെ വന്ദിക്കാതിരിക്കാനും ദേശീയഗാനം പാടാതിരിക്കാനും സൈനിക സേവനം നടത്താതിരിക്കാനുമൊക്കെ ഇവര്‍ ശ്രദ്ധ പുലര്‍ത്താറുണ്ട്, ശഠിക്കാറുമുണ്ട്. ഇത്തരം നിലപാട് കാരണം പല രാജ്യങ്ങളിലും ഇവരുടെ പ്രവർത്തനം നിയമ യുദ്ധങ്ങള്‍ക്കും നിരോധനത്തിനും അടക്കം കാരണമായിട്ടുണ്ട്.
ദേശീയഗാനം പാടാതിരിക്കാൻ നിയമയുദ്ധം: 1986ൽ ദേശീയഗാന ആലാപനത്തോട് ബന്ധപ്പെട്ട് നേടിയ നിയമ വിജയത്തോടെയാണ് കേരളത്തിലെ യഹോവ വിശ്വാസികൾ ദേശീയ ശ്രദ്ധയാകർഷിച്ചത്. പാലായ്‌ക്കടുത്ത് കടപ്ലാമറ്റത്ത് കോളജ് പ്രൊഫസര്‍ വി. ജെ. ഇമ്മാനുവലിന്‍റേയും ലില്ലിക്കുട്ടിയുടേയും മൂന്ന് മക്കളാണ് സ്‌കൂളില്‍ നിന്ന് പുറത്താക്കിയതിനെതിരെ സുപ്രീം കോടതി വരെ നീണ്ട നിയമ പേരാട്ടം നടത്തിയത്.
കിടങ്ങൂരിലെ എന്‍ എസ് എസ് ഹൈസ്‌കൂളില്‍ വിദ്യാര്‍ഥികളായിരുന്ന ഇമ്മാനുവലിന്‍റെ മൂന്നു മക്കള്‍ ബിജോ, ബിനു മോൾ, ബിന്ദു എന്നിവര്‍ യഹോവ വിശ്വാസികളായിരുന്നു. പഠനത്തില്‍ മിടുക്കരായ ഈ കുട്ടികള്‍ സ്‌കൂള്‍ കാര്യങ്ങളിലെല്ലാം ചിട്ടയോടെ പങ്കെടുത്തവരായിരുന്നു. മറ്റു കുട്ടികളെപ്പോലെ ഇവരും സ്‌കൂൾ അസംബ്ലിയിൽ സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്നു.
എന്നാല്‍ അസംബ്ലിയിൽ ദേശീയ ഗാനം ചൊല്ലാന്‍ ഈ കുട്ടികള്‍ തയ്യാറായിരുന്നില്ല. ദേശീയ ഗാനം ചൊല്ലുമ്പോള്‍ ആദര സൂചകമായി എഴുന്നേറ്റു നില്‍ക്കാന്‍ ഇവര്‍ സന്നദ്ധരുമായിരുന്നു. തങ്ങളുടെ മത വിശ്വാസം ദേശീയ ഗാനം ആലപിക്കാൻ അനുവദിക്കുന്നില്ല എന്നായിരുന്നു ഇവര്‍ കാരണം പറഞ്ഞത്.
അക്കാലത്ത് സ്‌കൂള്‍ സന്ദര്‍ശിച്ച വി സി കബീര്‍ എംഎല്‍എ വിഷയം അറിഞ്ഞ് നിയമസഭയില്‍ ഉന്നയിച്ചു. അതോടെയാണ് സംഭവം വിവാദമാകുന്നത്. കെ കരുണാകരന്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ടി എം ജേക്കബ് സംഭവം അന്വേഷിക്കാന്‍ ഏകാംഗ കമ്മീഷനെ നിയോഗിച്ചു.
കുട്ടികൾ നിയമം പാലിക്കുന്നവർ തന്നെ ആണെന്നും അവർ ദേശീയ ഗാനത്തെ അപമാനിച്ചിട്ടില്ല എന്നുമായിരുന്നു സമിതിയുടെ കണ്ടെത്തൽ. ഇവരടക്കം യഹോവ വിശ്വാസികളായ 11 കുട്ടികള്‍ അന്ന് കിടങ്ങൂര്‍ എന്‍ എസ് എസ് സ്‌കൂളില്‍ പഠിക്കുന്നുണ്ടായിരുന്നു. ദേശീയ ഗാനം ചൊല്ലാമെന്ന് എഴുതി നല്‍കിയാല്‍ കുട്ടികള്‍ക്ക് തുടര്‍ന്ന് പഠിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചെങ്കിലും ഇമ്മാനുവല്‍ വഴങ്ങിയില്ല.
എന്നാൽ വിവാദം കൊഴുത്തതോടെ സ്‌കൂൾ പ്രിൻസിപ്പൽ കുട്ടികളെ സ്‌കൂളിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തു. കുട്ടികളുടെ രക്ഷിതാക്കള്‍ പ്രിൻസിപ്പലിനോട് കുട്ടികളെ തുടര്‍ന്ന് പഠിക്കാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചുവെങ്കിലും വഴങ്ങിയില്ല. കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇമ്മാനുവൽ കുട്ടികള്‍ക്ക് വേണ്ടി ഹൈക്കോടതിയിൽ ഹര്‍ജി ഫയൽ ചെയ്‌തു.
അപ്പീലുമായി സുപ്രീം കോടതിയിലേക്ക്: കുട്ടികളെ സ്‌കൂളിൽ തുടരാൻ അനുവദിക്കണം എന്ന ആവശ്യമടങ്ങിയ ഹര്‍ജി ഹൈക്കോടതിയുടെ സിംഗിൾ ബഞ്ചും തുടര്‍ന്ന് ഡിവിഷൻ ബഞ്ചും തള്ളി. കുട്ടികൾ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചു. അങ്ങനെ 1986 ഓഗസ്റ്റ് 11 ന് 'ബിജോ ഇമ്മാനുവല്‍ വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' കേസില്‍ (Bijoe Emmanuel & Ors vs State Of Kerala & Ors) സുപ്രീം കോടതി വിധി പറഞ്ഞു. കുട്ടികള്‍ക്ക് തുടര്‍ന്ന് പഠിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ളതായിരുന്നു വിധി.
ഇമ്മാനുവലിന്‍റെ മൂന്നു മക്കളും യഹോവ വിശ്വാസികളായ മറ്റ് ഒമ്പത് കുട്ടികളും വീണ്ടും കിടങ്ങൂര്‍ സ്‌കൂളില്‍ ചേര്‍ന്നു. എന്നാൽ ഒറ്റ ദിവസം മാത്രം സ്‌കൂളില്‍ പോയ ശേഷം ഇമ്മാനുവലിന്‍റെ മക്കള്‍ ഔപചാരിക വിദ്യാഭ്യാസത്തോട് വിട പറയുകയായിരുന്നു.
കേരളത്തിൽ മല്ലപ്പള്ളി, മീനടം, പാമ്പാടി, വാകത്താനം, കങ്ങഴ, അയർക്കുന്നം, പുതുപ്പള്ളി എന്നിവിടങ്ങളിലായിരുന്നു ഇവരുടെ ആദ്യകാല പ്രവർത്തനം. നിലവിൽ സംസ്ഥാനത്തുടനീളം യഹോവയുടെ സാക്ഷികളുടെ സാന്നിധ്യമുണ്ട്. കേരളത്തില്‍ ഏതാണ്ട് പതിനയ്യായിരത്തോളം യഹോവ സാക്ഷികളുണ്ടെന്നാണ് കരുതുന്നത്. കേരളത്തിന്‍റെ പല ഭാഗങ്ങളിലും വർഷത്തിൽ മൂന്നു തവണ കൺവൻഷൻ ചേരാറുണ്ട്. ഇരുനൂറിലേറെ സ്ഥലങ്ങളിൽ പ്രവർത്തനം ഉണ്ട്. ഒരു കോടി അമ്പത് ലക്ഷത്തിൽപരം പേര്‍ സമ്മേളനങ്ങളില്‍ പങ്കെടുത്തതായാണ് കണക്ക്. രണ്ട് കോടിയിൽ അധികം വാർഷിക സ്‌മാരക ഹാജർ ഉള്ളതായും യഹോവയുടെ സാക്ഷികള്‍ അവകാശപ്പെടുന്നു.