എറണാകുളം : നടൻ വിനോദ് തോമസിന്‍റെ വിയോഗം മലയാള സിനിമ മേഖലയെയും പ്രേക്ഷകരെയും ദുഃഖത്തിൽ ആഴ്ത്തിയിരുന്നു. ദുരൂഹ സാഹചര്യത്തില്‍ കാറിനുള്ളില്‍ അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടുകൂടി ദുരൂഹതകളുടെ കെട്ടഴിഞ്ഞു.
കാറിനുള്ളിൽ എസി പ്രവർത്തിപ്പിച്ച് ഉറങ്ങിയതിനെ തുടര്‍ന്ന്, കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്ന് വെളിപ്പെട്ടു. ഇതോടെ, വാഹനം നിർത്തിയിട്ട് എസി ഉപയോഗിക്കുന്നത് മരണത്തിന് കാരണമാകുമോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. സ്വദേശത്തും വിദേശത്തും സമാനരീതിയിൽ പല മരണങ്ങളും ഉണ്ടായിട്ടുണ്ട്.
എന്നാല്‍ ജനശ്രദ്ധ നേടിയ നടന് ദാരുണാന്ത്യം സംഭവിച്ചപ്പോഴാണ് ഇതേക്കുറിച്ച് പലരും തിരക്കാന്‍ ആരംഭിച്ചത്. അക്കാര്യം ഒരു പ്രൊഫഷണലിനോടുതന്നെ ചോദിച്ച് മനസ്സിലാക്കാൻ ഞങ്ങൾ തീരുമാനിച്ചു. കഴിഞ്ഞ 20 വർഷമായി കാർ എസി മെക്കാനിക്ക് രംഗത്ത് പ്രവർത്തിക്കുകയാണ് എറണാകുളം സ്വദേശി ദീപു. പഴയതും പുതിയതുമായ എല്ലാത്തരം വാഹനങ്ങളുടെയും എസി അറ്റകുറ്റപ്പണികൾ നടത്തി പരിചയമുള്ള ഇദ്ദേഹം കത്രിക്കടവിൽ ഒരു സ്ഥാപനം നടത്തിവരികയാണ്.
നടൻ വിനോദ് തോമസിന്‍റെ മരണവാർത്ത ദീപു മാധ്യമങ്ങളിൽ നിന്ന് മനസ്സിലാക്കിയിരുന്നു. വിനോദ് തോമസിന്‍റെ കാറിന് എന്താണ് തകരാറെന്ന് ദീപുവിന് അറിയില്ല. എങ്കിലും സാധ്യതകളെക്കുറിച്ച് അദ്ദേഹം പങ്കുവച്ചു.
എസി വില്ലനാകുന്നത് എങ്ങനെ ? : വാഹനത്തിനുള്ളിലേക്ക് പുറത്തുനിന്നുള്ള വായു കടക്കുന്നത് രണ്ട് സംവിധാനങ്ങൾ വഴിയാണ്. ഒന്ന് എസി സംവിധാനത്തിലെ ഔട്ടർ വാൽവ് തുറന്നുവയ്ക്കുമ്പോൾ. രണ്ട് അഡീഷണൽ ആക്‌സസറീസ് ഘടിപ്പിക്കാനായി വയറിങ് സംവിധാനം ഒരുക്കുമ്പോൾ തേഡ് പാർട്ടി മെക്കാനിക്കുകൾ സൃഷ്‌ടിക്കുന്ന ചെറിയ ദ്വാരങ്ങളിലൂടെയും.
വാഹനത്തിന്‍റെ കാലപ്പഴക്കം കൊണ്ട് സംഭവിക്കാവുന്ന തുരുമ്പടക്കമുള്ള സാധ്യതയിലൂടെയും വായു അകത്തേക്ക് പ്രവേശിക്കാം. വായുവും ഇന്ധനവും കത്തുമ്പോഴുള്ള ഊർജ്ജത്തിലൂടെയാണ് എഞ്ചിന്‍ പ്രവർത്തിക്കുന്നത്. ഇന്ധനം കത്തുമ്പോൾ ഉണ്ടാകുന്ന നൈട്രസ് ഓക്സൈഡ്, ഹൈഡ്രോക്സൈഡ്, കാർബൺ മോണോക്സൈഡ് എന്നിവ സൈലൻസറിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ കാറ്റലിറ്റിക് കൺവെർട്ടർ എന്ന സംവിധാനത്തിലൂടെ കടന്നുപോകും.
കാറ്റലിറ്റിക് കൺവെർട്ടർ എഞ്ചിനില്‍ നിന്ന് വരുന്ന വാതകങ്ങളെ വെള്ളവും കാർബൺ മോണോക്സൈഡും നൈട്രജനും ആക്കി കൺവേര്‍ട്ട് ചെയ്‌താണ് പുറത്തേക്ക് വിടുന്നത്. എന്നാല്‍ പ്രധാനമായും കാർബൺ മോണോക്സൈഡ് പുറത്തേക്ക് വരണമെങ്കിൽ കാറ്റലിറ്റിക് കൺവെർട്ടർ തകരാറിലാകണം. അങ്ങനെ തകരാറിലായാലും വാഹനത്തിന്‍റെ അടിയിലൂടെയും പിന്നിലൂടെയും മാത്രമായിരിക്കും കാർബൺ മോണോക്സൈഡ് പുറന്തള്ളപ്പെടുക.
സൈലൻസറിൽ എന്തെങ്കിലും തരത്തിലുള്ള ദ്വാരം സംഭവിച്ചാലും വാഹനത്തിന്‍റെ അടിയിലൂടെ മാത്രമാകും വാതകം പുറന്തള്ളപ്പെടുക. ഏതെങ്കിലും തരത്തിൽ പുറന്തള്ളപ്പെടുന്ന കാർബൺ മോണോക്സൈഡ് വാഹനത്തിനുള്ളിലെ വയറിങ് സംവിധാനം കടന്നുപോകുന്ന ദ്വാരങ്ങളിലൂടെ അകത്തേക്ക് പ്രവേശിക്കാനുള്ള സാധ്യത കുറവാണ്.
ദ്വാരങ്ങൾ സീൽ ചെയ്‌തിരിക്കുന്ന വാഷറുകൾക്ക് തകരാര്‍ സംഭവിച്ചാലും ചെറിയ അളവിൽ മാത്രമാകും വാതകം അകത്തേക്ക് പ്രവേശിക്കുക. ഏറിയാൽ കാർബൺ മോണോക്സൈഡ് എഞ്ചിന്‍ റൂമിനുള്ളിൽ തങ്ങിനിൽക്കും. എസിയുടെ ഔട്ടർ വാൽവ് തുറന്നിരിക്കുകയാണെങ്കിൽ പുറത്തെ വാതകം അകത്തേക്ക് വലിച്ചെടുക്കാനുള്ള വലിയ സാധ്യതയുണ്ട്. എസിയിട്ട് ഒരിക്കലും ഉറങ്ങാതിരിക്കുക എന്നുള്ളതാണ് ഏക പോംവഴി.
ശ്രദ്ധ അനിവാര്യം : ഉറങ്ങാതിരിക്കുകയാണെങ്കിൽ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ തോന്നിയാൽ പെട്ടെന്ന് പുറത്തേക്കിറങ്ങാം. കാർബൺ മോണോക്സൈഡ് ശ്വസിച്ചുള്ള മിക്ക മരണങ്ങളും സംഭവിച്ചിരിക്കുന്നത് ഉറക്കത്തിലാണ്. പുതിയ വാഹനങ്ങളിലൊക്കെ ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്.
ALSO READ:നടൻ വിനോദ് തോമസിന്‍റെ മരണം; കൂടുതൽ അന്വേഷണത്തിന് പൊലീസ്
വാഹനങ്ങളുടെ കാലപ്പഴക്കം ഒരു മുഖ്യഘടകം തന്നെ. കാറ്റലിറ്റിക് കൺവെർട്ടർ തകരാറിലായാലും വാഹനത്തിനുള്ളിലേക്ക് കാർബൺ മോണോക്സൈഡ് കടന്നുചെല്ലുക ഒരൽപ്പം പ്രയാസമുള്ള കാര്യം തന്നെ. അങ്ങനെ കടന്നിട്ടുണ്ടെങ്കിൽ വാഹനം ഗുരുതരമായ തകരാറിലാണെന്ന് മനസ്സിലാക്കാം.