എറണാകുളം: പെരിയാറിലെ ജലനിരപ്പിൽ ആശങ്കയൊഴിഞ്ഞു. ഡാമുകളിലിൽ നിന്നും അധികജലം ഒഴുകിയെത്തിയെങ്കിലും പെരിയാറിൽ കാര്യമായി ജലനിരപ്പ് ഉയരാത്തതാണ് ആശ്വാസമായത്. ഇടുക്കി അണക്കെട്ടിൽ നിന്നുളള അധികജലത്തിന് പുറമെ ഇടമലയാർ ഡാമിൽ നിന്നുള്ള വെള്ളവുമെത്തുന്നതോടെ പെരിയാറിൽ പ്രളയഭീഷണി നിലനിന്നിരുന്നു.
എന്നാൽ ജലം തടസങ്ങളില്ലാതെ കടലിലേക്ക് ഒഴുകിയതാണ് ആശ്വാസമായത്. ഇടമലയാര്‍ ഡാമിന്‍റെ നാലു ഷട്ടറുകളും തുറന്നിരുന്നു. ഇടുക്കിയിൽ നിന്നും 350 ക്യുമെക്‌സ് വെള്ളമാണ് ഒഴുകിയെത്തിയത്.
നേരത്തെ ഇടമലയാറിൽ നിന്ന് 100 ക്യുമെക്‌സ് ജലം ഒഴുക്കി കളഞ്ഞതിനു ശേഷവും ഡാമിലെ ജലനിരപ്പ് താഴാതിരുന്നതിനെ തുടര്‍ന്നാണ് പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്‍റെ അളവ് വര്‍ധിപ്പിച്ചത്. പെരിയാറിൽ മാര്‍ത്താണ്ഡവര്‍മ്മ പാലം, മംഗലപ്പുഴ, കാലടി സ്റ്റേഷനുകളില്‍ തുടർച്ചയായി ജലനിരപ്പ് രേഖപ്പെടുത്തുന്നുണ്ട്. എല്ലാ സ്ഥലങ്ങളിലും ജലനിരപ്പ് അപകട നിലയ്ക്കും താഴെയാണ്.
രാവിലെ എട്ട് മണിയോടെ കാലടിയിൽ മാത്രമാണ് ജലനിരപ്പ് അല്‍പം ഉയർന്നത്. മറ്റ് രണ്ട് സ്റ്റേഷനിലും ജലനിരപ്പ് താഴുകയാണുണ്ടായത്. അതേസമയം അടിയന്തര സാഹചര്യമുണ്ടായാൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
പെരിയാറിലെ ജലനിരപ്പില്‍ സാരമായ മാറ്റം ദൃശ്യമായിട്ടില്ലെങ്കിലും പെരിയാര്‍ നദിയിലും കൈ വഴികളിലും ഇറങ്ങരുതെന്ന് ജില്ല കലക്‌ടര്‍ ഡോ. രേണു രാജ് അറിയിച്ചു. ഡാമുകളില്‍ നിന്നുള്ള വെള്ളം നദിയില്‍ എത്തുന്നതിനാല്‍ വെള്ളത്തിന്‍റെ ഒഴുക്കിന് ശക്തി കൂടുതലായിരിക്കും എന്നത് കണക്കിലെടുത്താണ് നിര്‍ദേശം. പുഴയില്‍ ഇറങ്ങുന്നതിനും നീന്തുന്നതിനും നിരോധനമുണ്ട്.
പുഴയില്‍ കുളിക്കാനോ തുണിയലക്കാനോ പാടില്ല. ഈ പ്രദേശങ്ങളില്‍ വിനോദ സഞ്ചാരപ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Also Read മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്നു