എറണാകുളം: കോതമംഗലത്ത് മാലിന്യനീക്കം കൃത്യമായി നടപ്പാക്കാത്തതുമൂലം നഗരത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ മാലിന്യം കെട്ടിക്കിടക്കുന്നു. സംസ്‌കരണ പ്ലാന്റ് പ്രവർത്തനം ആരംഭിക്കാത്തതും ഡമ്പിങ് യാർഡിലെ ഇടക്കിടെ ഉണ്ടാകുന്ന തീ പിടുത്തവും മാലിന്യം കുന്നുകൂടുന്നതിന് കാരണമാകുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയും നഗരസഭയുടെ കുമ്പളത്തുമുറിയിലെ ഡമ്പിങ് യാർഡിൽ തീപിടുത്തമുണ്ടായിരുന്നു. പ്ലാസ്റ്റിക്കും കോപ്പറും ഉൾപ്പെടെയുള്ളവ തീപിടിത്തത്തിൽ കത്തി കനത്ത വിഷപ്പുക ഉയർന്നതോടെ പരിസരവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
കോതമംഗലം അഗ്നി രക്ഷാ സേന രണ്ടു തവണ തീയണക്കാൻ ശ്രമിച്ചെങ്കിലും പൂർണ്ണമായി അണക്കാൻ സാധിച്ചില്ല. ഡമ്പിങ് യാർഡിന്‍റെ പ്രവേശന കവാടം മുതൽ മാലിന്യം നിറഞ്ഞ് കിടക്കുകയാണ്. കുമ്പളത്തുമുറിയിൽ കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് ഫണ്ട് വകയിരുത്തി ശിലാസ്ഥാപനം നടത്തി മാലിന്യ സംസ്കരണ പ്ലാന്‍റ് നിർമാണം ആരംഭിച്ചതാണ്. നാലര വർഷം കഴിഞ്ഞിട്ടും പ്ലാന്‍റിന്‍റെ നിർമാണം പൂർത്തിയാക്കാന്‍ സാധിച്ചിട്ടില്ല. എന്നാൽ മാലിന്യത്തിന് സാമൂഹ്യ വിരുദ്ധർ തീയിട്ടതാകാമെന്നാണ് നഗരസഭയുടെ വിശദീകരണം. രണ്ട് ഏക്കറിലേറെ വിസ്തൃതിയുള്ള ഡമ്പിങ് യാര്‍ഡില്‍ പല സ്ഥത്തായി കുന്നുകള്‍ പോലെ മാലിന്യം കൂട്ടിയിട്ടിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്.