എറണാകുളം: വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ സിബിഐ നിലവിൽ നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. കോടതി നിർദേശ പ്രകാരം മുദ്രവച്ച കവറിൽ സിബിഐ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ട് പരിശോധിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമർശം. അന്വേഷണം തുടരട്ടെ എന്ന് വ്യക്തമാക്കിയ കോടതി മരണപ്പെട്ട പെൺകുട്ടികളുടെ അമ്മ നൽകിയ ഹർജി മൂന്നാഴ്‌ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി.
സിബിഐ അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. എന്നാൽ, അന്വേഷണം കൃത്യമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ സിബിഐ അറിയിച്ചിരുന്നു. യഥാർഥ കുറ്റക്കാരെ കണ്ടെത്തുന്നില്ലെന്നും സാക്ഷിമൊഴികളും തെളിവുകളും സിബിഐ കാര്യമായി പരിഗണിക്കുന്നില്ലെന്നും നീലച്ചിത്ര നിർമാണ സംഘത്തിന് കുട്ടികളുടെ മരണത്തിൽ പങ്കുണ്ടെന്നുമാണ് ഹർജിയിലെ ആരോപണം.
നരഹത്യയിലേക്ക് വിരല്‍ ചൂണ്ടുന്ന ധാരാളം ശാസ്ത്രീയമായ തെളിവുകളും മൊഴികളും ഉണ്ടായിട്ടും അതുസംബന്ധിച്ച് യാതൊരു അന്വേഷണങ്ങളും നടത്തുന്നില്ലെന്നും ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.