എറണാകുളം: വാളയാര്‍ പീഡനക്കേസില്‍ വിചാരണ കോടതി വിധി ഹൈക്കോടതി റദാക്കി. സർക്കാറിന്‍റെയും ഇരകളായ പെൺകുട്ടികളുടെ അമ്മയുടെയും അപ്പീൽ അംഗീകരിച്ചാണ് ഹൈക്കോടതി പാലക്കാട് പോക്സോ കോടതിയുടെ വിധി റദ്ദാക്കിയത്. കേസ് പുനര്‍വിചാരണ നടത്തണമെന്നും വേണ്ടിവന്നാല്‍ പ്രോസിക്യൂട്ടര്‍ക്ക് പുനരന്വേഷണം ആവശ്യപ്പെടാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പുനരന്വേഷണം ആവശ്യപ്പെട്ട് സർക്കാറിന് വിചരണ കോടതിയെ സമീപിക്കാം.
ഈ മാസം 20ന് പ്രതികൾ സെഷൻസ് കോടതിയിൽ ഹാജരാകണം. ആവശ്യമെങ്കിൽ കൂടുതൽ സാക്ഷികളെ വിസ്തരിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിചാരണക്കോടതിക്കും അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും എതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. പോക്സോ കേസ് പരിഗണിക്കുന്ന ജഡ്ജിമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജഡ്ജിമാരെ ജുഡീഷ്യൽ അക്കാദമിയിൽ അയക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. അന്വേഷണത്തിലും വിചാരണയിലും ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായെന്ന സര്‍ക്കാറിന്‍റെ ഹർജിക്കാരിയുടെയും വാദം ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു. നാല് പ്രതികളെയാണ് പോക്സോ കോടതി വെറുതെ വിട്ടത്. വലിയമധു, ചെറിയ മധു, ഷിബു പ്രദീപ് എന്നിവരായിരുന്നു പ്രതികൾ. ഇവരിൽ പ്രദീപ് പിന്നീട് ആത്മഹത്യ ചെയ്തു. മറ്റു പ്രതികൾക്കെതിരായ നാല് കേസുകളാണ് ഹൈക്കോടതി പരിഗണിച്ചത്.