എറണാകുളം: വാളയാർ കേസിലെ പ്രതിയെ മരിച്ച നിലയിൽ കൊച്ചിയിൽ കണ്ടെത്തി. നാലാം പ്രതി കുട്ടി മധു എന്ന കെ മധുവാണ് മരിച്ചത്. ഏലൂർ ബിനാനിപുരത്തെ സിങ്ക് ഫാക്ടറി വളപ്പിലാണ് മരിച്ച നിലയിൽ കണ്ടത്. പൂട്ടിപ്പോയ ഈ കമ്പനിയിലെ ജീവനക്കാരനായിരുന്നു പ്രതി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു (Walayar Case Fourth Accused Died).
വാളയാർ കേസിൽ പ്രതികളുടെ നുണ പരിശോധനയുൾപ്പടെ നടത്താനുളള നടപടികളുമായി സിബിഐ മുന്നോട്ട് പോകുന്നതിനിടെയാണ് പ്രതിയുടെ അസ്വാഭാവിക മരണമെന്നതും ശ്രദ്ധേയമാണ്. മൂന്ന് വർഷം മുമ്പ് ഈ കേസിലെ മൂന്നാം പ്രതിയും മരിച്ചിരുന്നു. 2020 നവംബറിലാണ് മൂന്നാം പ്രതിയായ പ്രദീപ് കുമാർ മരിച്ചത്.
ചേർത്തല വയലാറിലെ വീട്ടിനുള്ളിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമാനമായ രീതിയിൽ നാലാം പ്രതിയും ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. അതേസമയം വാളയാർ കേസിലെ പ്രതിയായ കുട്ടി മധുവിന്റെ ദുരൂഹ മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വാളയാർ പെൺകുട്ടികളുടെ അമ്മയും നീതി സമരസമിതിയും ആലുവ റൂറൽ എസ്പിക്കും സിബിഐക്കും കത്തു നൽകി.
വാളയാറിൽ 2017 ജനുവരി 13നും മാർച്ച് നാലിനും കൊല്ലപ്പെട്ട രണ്ടു പെൺകുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടക്കുന്ന കേസിൽ പ്രതിയായ കുട്ടി മധു ഇന്ന് ബിനാനിപുരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ട്.
ALSO READ:വാളയാർ പീഡന കേസ്: നാല് പേരുടെ നുണ പരിശോധന നടത്തണമെന്ന് സിബിഐ, കോടതിയിൽ അപേക്ഷ
കേസിൽ പൊലീസ് അന്വേഷണം നടക്കുമ്പോൾ തന്നെ ജോൺ പ്രവീൺ എന്ന പ്രതിയെന്ന് സംശയിക്കപ്പെട്ട വ്യക്തി ആത്മഹത്യ ചെയ്തിരുന്നു. അന്വേഷണം നടക്കുന്ന ഘട്ടത്തിൽ പ്രതികൾ ദുരൂഹമായി മരണപ്പെടുന്നതിനു പിന്നിൽ ചില സ്ഥാപിത താൽപര്യങ്ങൾ ഉണ്ടെന്ന് ന്യായമായും സംശയിക്കുന്നുണ്ട്.
ഈ കേസ് അന്വേഷണം അട്ടിമറിക്കാനും ഇനിയും കേസിൽ പ്രതിയാക്കപ്പെടാൻ സാധ്യതയുള്ളവരെ രക്ഷിക്കാനുമുള്ള താൽപര്യം ഇതിനു പിന്നിൽ ഉണ്ടാകാമെന്ന് ഞങ്ങൾ കരുതുന്നതായി ഇവർ നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ ഈ മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും മരിച്ചയാളുമായി ബന്ധപ്പെട്ട രേഖകളും ടെലഫോണും അടിയന്തരമായി കസ്റ്റഡിയിൽ എടുക്കണമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മയും നീതി സമരസമിതിയും ആവശ്യപ്പെട്ടു.
കൊലക്കേസ് പ്രതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ : കാസർകോട് കുമ്പളയിലെ കൊലക്കേസ് പ്രതിയായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി (Murder accused found dead In Kasaragod). കുമ്പള സ്വദേശി അബ്ദുൾ റഷീദാണ് മരിച്ചത്. കൊലപാതകമെന്നാണ് പൊലീസിന്റെ സംശയം. ഈ മാസം രണ്ടിനായിരുന്നു അബ്ദുൾ റഷീദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് വർഷം മുമ്പ് കാസർകോട് മധൂരിൽ യുവാവിനെ കൊന്ന് കിണറ്റിൽ തള്ളിയ കേസിലെ രണ്ടാം പ്രതിയായിരുന്നു മരിച്ച അബ്ദുൾ റഷീദ്