എറണാകുളം : കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം നഷ്‌ടമാകില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ (Minister VN Vasavan). പണം പരമാവധി വേഗത്തില്‍ തിരികെ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. കരുവന്നൂര്‍ ബാങ്കിലെ പ്രശ്‌ന പരിഹാരവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കരുവന്നൂരിലെ ക്രമക്കേട് (Karuvannur Bank Scam) പുറത്തുവന്നപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാരും സഹകരണ വകുപ്പും കര്‍ശന നപടികളാണ് സ്വീകരിച്ചത്. അതിന്‍റെ ഭാഗമായി 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. വിജിലന്‍സ് അന്വേഷണവും ഒമ്പതംഗ സംഘത്തിന്‍റെ പ്രത്യേക അന്വേഷണവും ആരംഭിച്ചു.
ഉത്തരവാദികളിൽ നിന്ന് പണം തിരിച്ച് പിടിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന് ഹൈക്കോടതിയിൽ നിന്ന് അവർക്ക് താൽക്കാലികമായി സ്റ്റേ ലഭിച്ചിരിക്കുകയാണ്. സർക്കാർ പണം തിരിച്ച് പിടിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകും. പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കിയതിന്‍റെ ഭാഗമായി കരുവന്നൂർ ബാങ്കിന്‍റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് വരികയായിരുന്നു.
ഇഡി ഇടപെടൽ തിരിച്ചടിയായി : എന്നാൽ ഇഡി അന്വേഷണം ആരംഭിച്ചതോടെയാണ് പ്രവർത്തനത്തെ ബാധിച്ചത്. ഇഡി വന്ന് അവിടെയുള്ള ഫയലുകൾ കൊണ്ടുപോയി. 162 ആധാരത്തിന്‍റെ കോപ്പികളുൾപ്പടെ പ്രധാനപ്പെട്ട ചില രേഖകളും കൊണ്ടു പോയിട്ടുണ്ട്. ഈ ആധാരങ്ങളിൽ നിന്നായി 185.4 കോടി രൂപ ബാങ്കിന് ലഭിക്കാനുണ്ട്.
ഇത്തരത്തിൽ ഗൗരവമേറിയ പ്രശ്‌നമാണ് ഇഡി കാരണം ഉണ്ടായത്. ബാങ്കിൽ പിരിഞ്ഞ് കിട്ടാനുള്ളത് 506.61 കോടി രൂപയാണ്. ബാങ്ക് കൊടുത്ത് തീർക്കാനുള്ളത് സ്ഥിര നിക്ഷേപം 202 കോടിയും എസ്. ബി ഉൾപ്പടെ 282.6 കോടിയുമാണ്. 22 ഓളം വസ്‌തുവകകൾ ബാങ്കിന്‍റെ കൈവശമുണ്ട്. ഇതിൽ ചിലത് കേരള ബാങ്കിൽ പണയപ്പെടുത്തിയിട്ടുണ്ട്.
പണം കണ്ടെത്താനുള്ള നടപടികൾ : തൃശൂർ ജില്ലയിലെ സഹകരണ ബാങ്കുകളിൽ നിന്ന് 20 കോടി കൊടുക്കാമെന്ന് നിശ്ചയിച്ചതിൽ നിന്ന് കിട്ടാനുള്ള 9.4 കോടി ഇപ്പോൾ നൽകണമെന്നാണ് തീരുമാനിച്ചത്. കേരള ബാങ്കിൽ നിന്ന് ഡെപ്പോസിറ്റ് കിട്ടാനുള്ളത് 12 കോടി രൂപയാണ്. അത് ഇപ്പോൾ നൽകുമെന്നും സഹകരണ വകുപ്പ് മന്ത്രി വ്യക്തമാക്കി.
41.75 കോടി രൂപ അടിയന്തരമായി ലഭ്യമാക്കും. റിക്കവറി നടപടികളിലൂടെ ലഭിക്കുന്ന ഒൻപത് കോടി കൂട്ടി 50 കോടി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ സാധാരണക്കാരുടെ 50,000 വരെയുള്ള നിക്ഷേപങ്ങൾ പൂർണമായി തിരിച്ച് നൽകാനാകും.
ഒരു ലക്ഷം രൂപ വരെ നിക്ഷേപമുള്ളവർക്ക് 50,000 നൽകാൻ കഴിയും. വലിയ നിക്ഷേപമുള്ളവർക്ക് 50 ശതമാനം പലിശയും നിക്ഷേപത്തിന്‍റെ 10 ശതമാനവും തിരിച്ച് നൽകും. ഏതെങ്കിലും ആശുപത്രി കേസുകൾ പോലെയുള്ള അത്യാവശ്യങ്ങൾക്ക് നിക്ഷേപകർക്ക് പണം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. കരുവന്നൂര്‍ ബാങ്കിലെ പ്രശ്‌ന പരിഹാരത്തിനായി കേരള ബാങ്കില്‍ നിന്ന് പ്രവൃത്തി പരിചയമുള്ള ഉദ്യോഗസ്ഥനെ ചീഫ് എക്‌സിക്യൂട്ടീവ് ആയി നിയമിക്കും.
ആര്‍ബിറ്ററേഷന്‍ റിക്കവറി നടപടികള്‍ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ സഹകരണ മേഖലയെ മോശമാക്കുന്നതിനുള്ള ആസൂത്രിത ശ്രമങ്ങള്‍ വിവിധ കോണുകളില്‍ നടക്കുന്നുണ്ട്. ഈ ശ്രമങ്ങളൊന്നും വിലപ്പോകില്ല. അത്രയ്‌ക്ക് അടിത്തറയുള്ള പ്രസ്ഥാനമാണ് സഹകരണ മേഖല. സാമൂഹ്യ പ്രതിബദ്ധതയില്‍ ഊന്നിയ പ്രവര്‍ത്തനമാണ് സഹകരണ പ്രസ്ഥാനങ്ങള്‍ നടത്തുന്നത്.
ഈ മേഖലയുടെ നിലനില്‍പ് നാടിന്‍റെ ആവശ്യമാണ്. സഹകരണ രംഗത്തെ കുറ്റമറ്റമാക്കാനുള്ള വിപുലമായ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. സഹകരണ സംരക്ഷണ നിധി നടപ്പിലാക്കുന്നത് വഴി പ്രതിസന്ധിയിലായ എല്ലാ ബാങ്കുകളെയും സംരക്ഷിക്കാന്‍ കഴിയും. സമഗ്ര സഹകരണ നിയമ ഭേദഗതിയിലൂടെ പൂര്‍ണ സുതാര്യത ഉറപ്പാക്കി മുന്നോട്ട് പോകാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
എറണാകുളം ഗസ്റ്റ് ഗൗസില്‍ ചേര്‍ന്ന യോഗത്തില്‍ കേരള ബാങ്ക് പ്രസിഡന്‍റ് ഗോപി കോട്ടമുറിയ്‌ക്കല്‍, സഹകരണ വകുപ്പ് സെക്രട്ടി മിനി ആന്‍റണി, മറ്റ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍, കരുവന്നൂര്‍ ബാങ്ക് അഡ്‌മിനിട്രേറ്റീവ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.