എറണാകുളം: വായ്പ തിരിച്ചടവിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പരിസ്ഥിതി പ്രവര്‍ത്തകന്‍ വിജെ ജോസ് കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് രാവിലെ വാഹന വായ്പയുടെ തിരിച്ചടവുമായി ബന്ധപ്പെട്ട് സ്വകാര്യബാങ്ക് അധികൃതരുമായുളള തര്‍ക്കത്തിനിടെയാണ് പിതാവിന് ദേഹാസ്യാസ്ഥ്യം അനുഭവപ്പെട്ടതെന്ന് മകന്‍ ജോയല്‍ പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മകന്‍റെ വാഹന വായ്പയുടെ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് സ്വകാര്യ ബാങ്കില്‍ നിന്നെത്തിയ ആളുകളുമായി ഉണ്ടായ തകര്‍ക്കത്തെത്തുടര്‍ന്നാണ് ജോസ് കുഴഞ്ഞുവീണതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
തിരിച്ചടവിന് സാവകാശം ചോദിച്ചെങ്കിലും അനുവദിച്ചില്ല. ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു എന്നും വി ജെ ജോസിന്‍റെ മകൻ ജോയല്‍ ആരോപിക്കുന്നുണ്ട്. ജോയലിന്റെ വിവാഹം ആഗസ്റ്റ് 15ന് നടക്കാനിരിക്കെയാണ് ജോസിന്റെ മരണം സംഭവിച്ചത്. ബാങ്ക് നടപടിക്കെതിരെ പ്രതിഷേധം നടത്താനാണ് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും തീരുമാനം. കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം നാളെ രാവിലെ സംസ്കരിക്കും. പരിസ്ഥിതി സംഘടനായ ഗ്രീന്‍പീസിന്‍റെ പെരിയാര്‍ സംരക്ഷണ പദ്ധതിയുടെ റിവര്‍കീപ്പറാണ് വിജെ ജോസ്.