എറണാകുളം: വിഴിഞ്ഞത്ത് പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന ഇടക്കാല ഉത്തരവ് നടപ്പാക്കാത്തതിൽ സർക്കാരിനെതിരെ അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തീര്‍പ്പാക്കി. സമരപ്പന്തല്‍ ഇന്ന് പൊളിച്ചു നീക്കുമെന്ന് സമരസമിതി കോടതിയെ അറിയിച്ചു. സമരം ഒത്തുതീര്‍പ്പായെന്ന് സര്‍ക്കാരും അറിയിച്ചതോടെയാണ് ഹർജി സിംഗിൾ ബെഞ്ച് തീർപ്പാക്കിയത്.
പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കേണ്ടെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചിട്ടുണ്ട്. അതേസമയം പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയും ആദ്യം നൽകിയ ഹർജികൾ ഹൈക്കോടതി തിങ്കളാഴ്‌ചത്തേക്ക് മാറ്റി. വിഴിഞ്ഞത് പൊലീസിന് സുരക്ഷ ഒരുക്കാനായില്ലെങ്കിൽ കേന്ദ്ര സേനയെ വിന്യസിക്കാനായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
തുറമുഖ നിർമാണ പ്രദേശത്തേക്ക് നിർമാണ സാമഗ്രികളുമായി എത്തുന്ന വാഹനങ്ങൾ തടയില്ലെന്ന് സമരക്കാർ കോടതിയിൽ നൽകിയ ഉറപ്പു ലംഘിച്ചുകൊണ്ടായിരുന്നു വിഴിഞ്ഞത്ത് സംഘർഷമടക്കമുണ്ടായത്.