എറണാകുളം: വിഴിഞ്ഞം തുറമുഖ നിർമാണ പ്രദേശത്തെ തടസങ്ങൾ ഉടനടി നീക്കം ചെയ്യാൻ ഹൈക്കോടതിയുടെ കർശന നിർദേശം. ഇടക്കാല ഉത്തരവ് നടപ്പിലാക്കിയതിന്‍റെ റിപ്പോർട്ട് സർക്കാർ സമർപ്പിക്കണം. തുറമുഖ നിർമാണ പ്രദേശത്തെ വഴി തടയില്ലെന്ന് ഉറപ്പ് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
അതേസമയം വിഴിഞ്ഞം സമരം ബഹുജന പ്രക്ഷോഭമാണെന്നും മുഖ്യമന്ത്രിയുമായി ചർച്ച നടത്തി തീരുമാനമുണ്ടാകും വരെ സാവകാശം വേണമെന്നും സമരക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമരം സംബന്ധിച്ച് അഭിപ്രായ പ്രകടനം നടത്താൻ ആഗ്രഹിക്കുന്നില്ലെന്ന് കോടതി വ്യക്‌തമാക്കി.
തുറമുഖ നിർമാണത്തെ തടയില്ലെന്ന കാര്യത്തിൽ സമരക്കാർ നൽകിയ ഉറപ്പ് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പൊലീസ് സംരക്ഷണം നൽകാനുള്ള ഇടക്കാല ഉത്തരവ് നടപ്പായില്ലെന്ന് അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു. പൊലീസ് ബാരിക്കേഡ് വരെ സമരക്കാർ എടുത്ത് കൊണ്ടു പോയി.
4000 പേർ ഇപ്പോഴും പദ്ധതി പ്രദേശത്ത് സംഘടിച്ചിരിക്കുന്നതായും ഹർജിക്കാർ വ്യക്തമാക്കി. സമരപ്പന്തൽ പൊളിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. സമരത്തിന്‍റെ നൂറാം ദിനം നടന്ന ആക്രമണത്തിന്‍റെ വിവരങ്ങൾ കൈവശമുണ്ടെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
സർക്കാരിനെതിരെ അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ കോടതിയലക്ഷ്യ ഹർജികൾ ഹൈക്കോടതി വീണ്ടും പരിഗണിക്കാനായി മാറ്റി. ഇക്കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് വിഴിഞ്ഞം തുറമുഖ നിർമാണ പ്രവർത്തനങ്ങൾക്ക് പൊലീസ് സുരക്ഷ ഒരുക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. പൊലീസിന് സുരക്ഷ ഒരുക്കാനായില്ലെങ്കിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്നായിരുന്നു കോടതി നിർദേശം.