എറണാകുളം : യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നാട്ടിലെത്തിയാൽ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്.
കൂടാതെ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും ഹർജിക്കാരൻ നാട്ടിലെത്തിയിട്ടേ ജാമ്യാപേക്ഷ പരിഗണിക്കാനാകൂവെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ താൻ നിയമത്തിൽ 'നിന്നും ഒളിച്ചോടിയിട്ടില്ലെന്നും കേസെടുത്ത വിവരമറിയാതെയാണ് വിദേശത്തേക്ക് പോയതെന്നുമാണ് വിജയ് ബാബുവിന്‍റെ വാദം.
അതേസമയം വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മുപ്പതാം തീയതി നാട്ടിലെത്തുമെന്ന് വ്യക്തമാക്കി യാത്രാരേഖകൾ സമർപ്പിച്ചതോടെയാണ് ജസ്റ്റിസ് പി ഗോപിനാഥ് വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ തയ്യാറായത്.