എറണാകുളം: പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ മുൻമന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു. അഴിമതി കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിജിലൻസ് ചോദ്യം ചെയ്യുന്നത്. വിജിലൻസ് ഡി.വൈ.എസ് പി ശ്യാംകുമാറിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ചോദ്യം ചെയ്യുന്നത്. രണ്ട് തവണയായി 5 മണിക്കൂർ ചോദ്യം ചെയ്യാനാണ് മുവാറ്റുപുഴ വിജിലൻസ് കോടതിയുടെ അനുമതി. കർശന ഉപാധികളോടെയാണ് ചോദ്യം ചെയ്യൽ. മാനസികമായോ ശാരീരികമായോ ബുദ്ധിമുട്ടിക്കരുതെന്നും ചോദ്യം ചെയ്യലിന്‍റെ ഒരോ മണിക്കൂറിലും പതിനഞ്ച് മിനിറ്റ് വിശ്രമം അനുവദിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
അഴിമതിയിൽ അക്കാലത്തെ ഭരണ നേതൃത്വത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തിൽ വിജിലൻസ് വ്യക്തത തേടും. അഴിമതിയിലൂടെ ലഭിച്ച പണം മറ്റാർക്കൊക്കെ വീതം വച്ചുവെന്നും വിജിലൻസ് അന്വേഷിക്കുന്നുണ്ട്. കരാർ കമ്പനിക്ക് അനധികൃതമായി മുൻകൂർപണം അനുവദിച്ച് സർക്കാരിന് നഷ്ടമുണ്ടാക്കി, കരാറുകാരനിൽ നിന്നും പണം കൈപ്പറി തുടങ്ങിയ കുറ്റങ്ങളാണ് മുൻ മന്ത്രിക്കെതിരെ ആരോപിക്കപ്പെടുന്നത്.
ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ വിജിലൻസ് അനുമതി തേടിയിരുന്നു. എന്നാൽ മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ട് പരിഗണിച്ച് കോടതി അപേക്ഷ തള്ളി. ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.